കൊവിഡ് ബാധിച്ച് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന അധ്യാപികക്ക് സസ്‌പെൻഷൻ; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ
താനൂര്‍ ടൗണ്‍ സ്‌കൂളിലെ അധ്യാപിക സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ കളക്ടര്‍ക്ക് നോട്ടീസയച്ചത്.
മലപ്പുറം: കൊവിഡ് പോസിറ്റീവായ അധ്യാപികയെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് ഹാജരായില്ലെന്ന പേരില്‍ സസ്‌പെൻഡ് ചെയ്ത മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ 10 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്‍റേതാണ് ഉത്തരവ്. താനൂര്‍ ടൗണ്‍ സ്‌കൂളിലെ അധ്യാപിക സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ കളക്ടര്‍ക്ക് നോട്ടീസയച്ചത്.
വേങ്ങര നിയോജക മണ്ഡലത്തിലെ പോളിംഗ് ഓഫീസറായാണ് പരാതിക്കാരിക്ക് നിയമനം ലഭിച്ചിരുന്നത്.
കൊവിഡ് പോസിറ്റീവായ വിവരം മാര്‍ച്ച് 24ന് തന്നെ റിട്ടേണിംഗ് ഓഫീസറെ അറിയിച്ചിരുന്നതാണെന്ന് പരാതിയില്‍ പറയുന്നു. ഏപ്രില്‍ 2 ന് കൊവിഡ് നെഗറ്റീവാവുകയും 9 വരെ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തു. എന്നാല്‍ കൊവിഡ് പോസിറ്റീവാകുന്നത് ഇലക്ഷന്‍ ഡ്യൂട്ടി ഒഴിവാക്കാന്‍ മതിയായ കാരണമല്ലെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ നല്‍കിയ മറുപടിയെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
ഏപ്രില്‍ 16 ന് പരാതിക്കാരിയെ ജില്ലാകളക്ടര്‍ സസ്‌പെൻഡ് ചെയ്തു. ഇതിനെതിരെ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. സസ്‌പെന്‍ഷന്‍ മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.