രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും പെട്രോൾ-ഡീസൽ വിലയിൽ വർധന
വില ഇനിയും ഉയരാനാണ് സാധ്യത.
കൊച്ചി: രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും പെട്രോൾ-ഡീസൽ വിലയിൽ വർധന. വിവിധ നഗരങ്ങളിൽ പെട്രോൾ ലിറ്ററിന് 25 പൈസ വരെയും ഡീസലിന് 30 പൈസ വരെയുമാണ് വ്യാഴാഴ്ച ഉയർന്നത്.
കൊച്ചി നഗരത്തിൽ പെട്രോളിന് 23 പൈസയും ഡീസലിന് 30 പൈസയുമാണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ പെട്രോൾ വില ബുധനാഴ്ചത്തെ 90.86 രൂപയിൽനിന്ന് 91.09 രൂപയായി ഉയർന്നു. ഡീസൽ വില 85.51 രൂപയിൽനിന്ന് 85.81 രൂപയായി വർധിച്ചു.
കോഴിക്കോട് നഗരത്തിൽ പെട്രോളിന് 91.40 രൂപയും ഡീസലിന് 86.12 രൂപയുമായി. മൂന്ന് ദിവസം കൊണ്ട് കൊച്ചിയിൽ പെട്രോളിന് 53 പൈസയും ഡീസലിന് 67 പൈസയും കൂടി. ചില നഗരങ്ങളിൽ പെട്രോളിന് 57 പൈസ വരെയും ഡീസലിന് 69 പൈസ വരെയുമാണ് വില വർധിച്ചത്. വില ഇനിയും ഉയരാനാണ് സാധ്യത.
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 25 പൈസ വർധിച്ച് 90.99 രൂപയായി. ഡീസലിന് 30 പൈസ വർധിച്ച് 81.42 രൂപയായി. ബുധനാഴ്ച യഥാക്രമം 90.74 രൂപയും 81.12 രൂപയുമായിരുന്നു ഡൽഹിയിൽ ഇന്ധന വില. മുംബൈയിൽ പെട്രോളിന് 97.34 രൂപയും ഡീസലിന് 88.49 രൂപയുമാണ് വില.
ആറു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണക്കമ്പനികൾ വില വർധന താത്കാലികമായി നിർത്തിവെച്ചിരുന്നു. ഇതിനിടെ, ഏപ്രിൽ 15-ന് വില കുറയ്ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പുറകെ ചൊവ്വാഴ്ച മുതൽ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് വിലക്കയറ്റം ചൂണ്ടിക്കാട്ടി വീണ്ടും വില വർധിപ്പിക്കുകയായിരുന്നു.
കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോഡ് ഉയരത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ അടച്ചിടൽ അടക്കമുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ-രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് രാജ്യത്ത് എണ്ണവില നിശ്ചയിക്കുന്നത്. യു.എസിൽ എണ്ണ ആവശ്യകത വർധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാനാണ് സാധ്യത. ബാരലിന് 68 ഡോളറിനു മുകളിലാണ് ഇപ്പോഴത്തെ നിരക്ക്.