കെ എസ് ഇ ബി സേവനം വാതിൽപ്പടിയിൽ

തിരൂർ: കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കായി ഇനി മുതൽ വൈദ്യുതി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. നാളിതുവരെ പലതവണ ഓഫീസുകൾ കയറിയിറങ്ങി ലഭിച്ചിരുന്ന സേവനങ്ങളാണ് കേവലം ഒരു ഫോൺ കോളിലൂടെ ഇനി നൽകുന്നത്. ‘സേവനം വാതിൽപ്പടിയിൽ’ എന്ന് പേര് നൽകിയിരിക്കുന്ന ഈ പദ്ധതി പാലക്കാട്‌ സർക്കിളിലാണ് ആദ്യമായി പരീക്ഷിച്ചത്. പരീക്ഷണമെന്നോണം കഴിഞ്ഞ ഫെബ്രുവരി മുതൽ തിരൂർ സർക്കിളിന്റെ പരിധിയിലെ 6 സെക്ഷനുകളിൽ ഇത് നടപ്പിലാക്കിയിരുന്നു. പരീക്ഷണം വൻ വിജയമെന്നു കണ്ട സാഹചര്യത്തിൽ ഈ സേവനം തിരൂർ KSEB സർക്കിളിന്റെ പരിധിയിൽ വരുന്ന മറ്റ് 31 സെക്ഷനുകളിൽ കൂടി മെയ്‌ ഒന്നു മുതൽ നടപ്പിലാക്കി കഴിഞ്ഞതായി തിരൂർ KSEB സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അബ്ദുൾ കലാം അറിയിച്ചു. 

പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെ താരിഫ് മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ്‌ മാറ്റൽ, മീറ്ററും ലൈനും മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങളൊക്കെ ഇതിലൂടെ നൽകാൻ കഴിയും. 1912 എന്ന ടോൾ ഫ്രീ നമ്പർ വഴിയും സേവനങ്ങൾ ഉറപ്പാക്കാവുന്നതാണ്. KSEB ജീവനക്കാർ അപേക്ഷകനെ ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ ഏതൊക്കെയെന്ന് അറിയിക്കുകയും സേവനം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കുകയും ചെയ്യും. സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ അപേക്ഷയും അനുബന്ധ രേഖകളും ബോർഡ് ജീവനക്കാർ ഉപഭോക്താവിന്റെ വീട്ടിലെത്തി കൈപ്പറ്റും. ഇതിന് ആവശ്യമായ അപേക്ഷാ ഫീസും ചിലവും ഓൺലൈനായി അടക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ തുക അടക്കുന്നതോടെ ഉപഭോക്താവ് ആവശ്യപ്പെടുന്ന സർവീസ് വേഗത്തിൽ നൽകുന്നതാണ്. ചുരുക്കത്തിൽ വൈദ്യുതി ബോർഡിന്റെ സേവനങ്ങൾ ഉപഭോക്താവിന്റെ വാതിൽപ്പടിയിൽ എത്തുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കഴിഞ്ഞ ഫെബ്രുവരിയിൽ നിർവഹിച്ചിരുന്നു. തിരൂർ സർക്കിളിലെ എല്ലാ സെക്ഷനുകളിലും പദ്ധതി നടപ്പിലാക്കുന്നതിലൂടെ ആറര ലക്ഷത്തോളം ഗാർഹിക ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്. കോവിഡിന്റെ രൂക്ഷത കണക്കിലെടുത്തു മാന്യ ഉപഭോക്താക്കൾ ഈ സേവനം പരമാവതി പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.