ആഘോഷങ്ങളില്ലാതെ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ
കോവിഡ് മഹാമാരി വ്യാപനം ഓരോ ദിവസവും വര്‍ധിക്കുന്ന സാഹചര്യത്തിലും ലോക് ഡൗണ്‍ നിയന്ത്രണങ്ങൾ കാരണവും കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ ഇത്തവണയും പെരുന്നാൾ ആഘോഷങ്ങള്‍ വീടുകളില്‍ ഒതുങ്ങും
തിരുവനന്തപുരം: ആരവങ്ങളും ആഘോഷങ്ങളും കൂടിച്ചേരലുമില്ലാതെ സംസ്ഥാനത്ത് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആചരിക്കുന്നു. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷമാണ് ഇസ്ലാം മത വിശ്വാസികള്‍ പെരുന്നാളിനെ വരവേൽക്കുന്നത്. നന്മകളാല്‍ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്. ആരും പട്ടിണികിടക്കരുതെന്ന സന്ദേശമുയര്‍ത്തി ഫിതര്‍ സക്കാത്ത് വിതരണത്തിന് ശേഷമാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു.
കോവിഡ് മഹാമാരി വ്യാപനം ഓരോ ദിവസവും വര്‍ധിക്കുന്ന സാഹചര്യത്തിലും ലോക് ഡൗണ്‍ നിയന്ത്രണങ്ങൾ കാരണവും കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ ഇത്തവണയും പെരുന്നാൾ ആഘോഷങ്ങള്‍ വീടുകളില്‍ ഒതുങ്ങും. ബന്ധുക്കളുടെയും അയല്‍ വീടുകളിലേക്കുമുള്ള സന്ദര്‍ശനം ഒഴിവാക്കും. പള്ളികൾ അടഞ്ഞു കിടക്കുന്നതിനാൽ പെരുന്നാള്‍ നിസ്‌കാരവും ഉണ്ടാവില്ല.
റമദാന്‍ വ്രതം പകുതി പിന്നിട്ടപ്പോഴാണ് സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം റമദാന്‍ മുഴുവന്‍ ലോക് ഡൗണ്‍ മൂലം അടച്ചു പൂട്ടിയിരുന്നെങ്കില്‍ ഇത്തവണ കുറച്ചു ദിവസമെങ്കിലും പള്ളികളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നു. ദുരിതങ്ങളില്‍ നിന്ന് മോചനത്തിനായുള്ള പ്രാര്‍ത്ഥനയുമായാണ് പെരുന്നാളിനെ വിശ്വാസികള്‍ വരവേല്‍ക്കുക.