തിരൂർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻ്റ് പദ്ധതി പ്രവർത്തനം തുടങ്ങും.
തിരൂർ: ജില്ലാ ആസ്പത്രിയിൽ നാഷ്ണൽ ഹൈവേ അതോറിറ്റിയുടെ സഹായത്തോടെ നടപ്പാക്കുന്ന പ്രത്യേക ഓക്സിജൻ പ്ലാൻ്റ് പദ്ധതി പ്രവർത്തനം തുടങ്ങും. നാഷ്ണൽ ഹൈവേ അതോറിറ്റി അധികൃതരും ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പ്ലാൻ്റ് സ്ഥാപിക്കുന്ന സ്ഥലം സന്ദർശിച്ചു. നിലവിൽ ആസ്പത്രിയിലെ ഓങ്കോളജി കെട്ടിടത്തിൻ്റെ സമീപത്താണ് പ്ലാൻ്റ് സ്ഥാപിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രത്യേക കോവിഡ്, പൊതുജനാരോഗ്യ അടിസ്‌ഥാന സൗകര്യങ്ങൾക്കായുള്ള ഫണ്ടായ പി.എം. കെയർസിൽ ഉൾപ്പെടുത്തി നാഷണൽ ഹൈവെ അതോറിറ്റിയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പ്രത്യേക ഓക്‌സിജൻ പ്ലാന്റ് പദ്ധതിയിലാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തിരൂർ ജില്ലാ ആസ്പത്രിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

മലപ്പുറം ജില്ലയിലാകെ കോവിഡ് രോഗികൾ വർദ്ധിച്ചു വരികയും ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് 40 ശതമാനത്തിനു മുകളിലായി തുടരുകയും ചെയ്യുന്നസാഹചര്യത്തിൽ വേഗത്തിൽ ഈ പദ്ധതി നടപ്പിലാക്കാനായാൽ വളരെയധികം പ്രയോജനപ്പെടും.

ആവശ്യമായ സ്‌ഥലം കണ്ടെത്തി അടിസ്‌ഥാന സൗകര്യങ്ങളും, ഇലക്ട്രിഫിക്കേഷനും പൂർത്തിയാക്കി പവർ സപ്ലൈ കൂടി ലഭ്യമാക്കിയാൽ ചുമതലപ്പെടുത്തിയ എക്‌സിക്യൂട്ടീവ് ഏജൻസിയായ എച്ച്.ഐ.ടി.ഇ.എസ് പ്ലാന്റ് സ്‌ഥാപിച്ച് കമ്മീഷൻ ചെയ്‌ത് ഓപറേഷൻ ആരംഭിക്കുന്ന രീതിയിലാണു പദ്ധതിയുടെ നിർവ്വഹണം ക്രമീകരിച്ചിട്ടുള്ളത്.
ഓക്സിജൻ പ്ലാന്റിന്റെ തുടർന്നുള്ള
നടത്തിപ്പും ചുമതലയും ജില്ലാ ആസ്പത്രിയിൽ ഒരു നോഡൽ ഓഫീസറുടെ നിയന്ത്രണത്തിലായിരിക്കും.
ജില്ലയുടെ തെക്ക് പടിഞ്ഞാറു മേഖലയിലെ സാധരണക്കാരായ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ തിരൂർ ജില്ലാ ആസ്പത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുക വഴി ഒരളവോളം ഓക്സിജൻ ക്ഷാമത്തിനു പരിഹാരവും, ദുരിതമനുഭവിക്കുന്ന കോവിഡ് രോഗികൾക്ക് ആശ്വാസകരവുമാകും.25 ദിവസത്തിനുള്ളിൽ ഇൻഫ്രാസ്ട്രെക്ചർ ഒരുക്കി 40 ദിവസത്തിനുള്ളിൽ കമ്മീഷൻ ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. സ്ഥലപരിശോധനയിൽ നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ, വൈസ് പ്രസിഡൻ്റ് ഇസ്മായിൽ മുത്തേടം, മെമ്പർമാരാ ഫൈസൽ എടശേരി, വി.കെ.എം.ഷാഫി, എ.പി.സബാഹ്, ഇ.അഫ്സൽ, നഗരസഭ ചെയർപേഴ്സൺ എ.പി.നസീമ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി നാലകത്ത് അബ്ദുറഷീദ്, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ.ബേബി ലക്ഷ്മി, ഡോ.ഉണ്ണികൃഷ്ണൻ, ഡോ.കൃഷ്ണദാസ്, നാഷ്ണൽ ഹൈവേ അതോറിറ്റി അധികൃതർ എന്നിവർ പങ്കെടുത്തു.
