കനത്ത മഴയും കാറ്റും തുടരുന്നു; കടൽ അതീവ പ്രക്ഷുബ്ധം: അണക്കെട്ടുകള്‍ ഉടന്‍ തുറക്കില്ല
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും മഴയും കടലാക്രമണവും തുടരുകയാണ്. ഇടുക്കി ,എറണാകുളം ,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ അതീവ പ്രക്ഷുബ്ധമാണ്. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം. മത്സ്യ ബന്ധനത്തിനും കപ്പൽ ഗതാഗതത്തിനുമുള്ള വിലക്ക് തുടരുകയാണ്. അതേസമയം ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുകയാണ്. ഗോവയിലെ പനാജിയിൽ നിന്ന് 220 കിലോമീറ്റർ അകലെ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കരയിലേക്ക് കടക്കും. രാജ്യത്തിൻ്റെ പടിഞ്ഞാറൻ തീരം മുഴുവനും ജാഗ്രത പാലിക്കുകയാണ്. ചുഴലിക്കാറ്റിൻ്റെ സ്വാധീനം ചൊവ്വാഴ്ച വരെയുണ്ടാകും.
അതേസമയം, അണക്കെട്ടുകള്‍ ഉടന്‍തുറക്കേണ്ടതില്ലെന്ന് വൈദ്യുതി ബോര്‍ഡ്. ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ സംഭരണ ശേഷിയുടെ മുപ്പത്തിമൂന്ന് ശതമാനം മാത്രമാണ് ജലനിരപ്പ്. പമ്പ, ഇടമലയാര്‍ അണക്കെട്ടുകളിലും അപകടരമാംവിധം ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.
ടൗട്ടേ ചുഴലിക്കാറ്റിനോട് അനുബന്ധിച്ചുള്ള കനത്തമഴയെത്തുടര്‍ന്ന് ഇടുക്കി ഉള്‍പ്പടെ ഒന്‍പതുജില്ലകളില്‍ക്കൂടി റെഡ് അലെര്‍ട് പ്രഖ്യാപിച്ചെങ്കിലും അണക്കെട്ടുകള്‍ തുറക്കേണ്ടതില്ലെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തല്‍. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കില്‍ ഇപ്പോള്‍ സംഭരണശേഷിയുടെ 33 ശതമാനം മാത്രമെ ജലമുള്ളൂ. കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഒരുശമാനം മാത്രം കൂടുതല്‍. കുണ്ടളയില്‍ പതിമൂന്നുശതമാനവും മാട്ടുപ്പെട്ടിയില്‍ മുപ്പത്തൊന്ന് ശതമാനവും. ഒാറഞ്ച് അലെര്‍ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട ജില്ലയിലെ പമ്പ അണക്കെട്ടിലും മുപ്പത്തിമൂന്ന് ശതമാനം മാത്രമെ ജലമുള്ളൂ.
മറ്റ് പ്രധാന അണക്കെട്ടുകളായ ഷോളയാറും ഇടമലയാറും ജലനിരപ്പ് മുപ്പതുശതമാനം മാത്രം. കുറ്റ്യാടി, നേര്യമംഗലം, ലോവര്‍പെരിയാര്‍, ശെങ്കുളം ഉള്‍പ്പടെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് നിയന്ത്രണവിധേയം. രണ്ടുമൂന്നുദിവസം കനത്തമഴ പെയ്താല്‍പോലും അണക്കെട്ട് തുറന്നവിടേണ്ടി വരില്ല. കാലാവസ്ഥാ പ്രവചനവും കേന്ദ്ര ജലകമ്മിഷന്റെ മാനദണ്ഡങ്ങളും അനുസരിച്ച് വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് സ്ഥിതി വീണ്ടും വിലയിരുത്തും.