വാക്‌സിനേഷനും കോവിഡ് പരിശോധനയും വര്‍ദ്ധിപ്പിക്കണം – പി. ഉബൈദുള്ള എം എല്‍ എ

കോഡൂര്‍ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വാക്‌സിനേഷനും, ഓക്‌സിജനും, ആന്റിജന്‍ ടെസ്റ്റ്, ആര്‍ ടി പി സി ആര്‍ പരിശോധനയും ഗണ്യമായ രീതിയില്‍ വര്‍ദ്ധിപ്പിക്കണമെന്ന് പി. ഉബൈദുള്ള എം എല്‍ എ ആവശ്യപ്പെട്ടു. ജനസംഖ്യാനുപാതികമായി കോവിഡ് വാക്‌സിനേഷനെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ആവശ്യത്തിന് സംവിധാനമൊരുക്കി വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കണം. അസുഖലക്ഷണമുള്ളവര്‍ ടെസ്റ്റ് നടത്താന്‍ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരമെന്നോണം വ്യാപകമായി ടെസ്റ്റ് നടത്താനുള്ള സംവിധാനവും ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഡൂര്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഡൂര്‍ പഞ്ചായത്തില്‍ 417 കോവിഡ് രോഗികളുള്ളത്. സി എഫ് എല്‍ ടി സി കേന്ദ്രം കോഡൂരില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂമും പ്രവര്‍ത്തിക്കുന്നു. ആര്‍ആര്‍ ടി യുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, കോഡൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആസ്യ കുന്നത്ത്. വട്ടോളി ഫാത്തിമ, ശിഹാബ് അരീക്കത്ത്, ഗ്രാമപഞ്ചായത്ത് മെമ്പറും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ കെ എന്‍ ഷാനവാസ്, പഞ്ചായത്ത് മെമ്പര്‍മാരായ പാന്തൊടി ഉസ്മാന്‍, കെ ടി റബീബ്, അജ്മല്‍ മുണ്ടക്കോട്, സെക്രട്ടറി റോസി സി, അസി. സെക്രട്ടറി ബിന്ദു വി ആര്‍ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റഫീഖ് എന്നിവര്‍ പങ്കെടുത്തു