സൗദി അറേബ്യ യാത്രാവിലക്ക് പിൻവലിച്ചു; ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിലേക്ക് സ്വദേശികൾക്ക് പുതുതായി യാത്രാനിരോധനം
റിയാദ്: കോവിഡ് വ്യാപനത്തിന് ശേഷം ഒരു വർഷത്തിലേറെ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ഇന്ന് തുറക്കും. ഇതോടെ യുഎഇ, കുവൈറ്റ്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസുണ്ടാകും. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരാണ് യാത്രാ വിലക്കേർപ്പെടുത്തിയതോടെ നാട്ടിൽ കുടങ്ങിയത്.
കോവിഡ് വാക്സിന്റെ രണ്ടു ഡോസും എടുത്തവർക്കും യാത്രയ്ക്ക് രണ്ടാഴ്ച മുൻപെങ്കിലും ഒരു ഡോസ് വാക്സിന്‍ എടുത്തവർക്കും ആറുമാസത്തിനുള്ളിൽ കോവിഡ് മുക്തരായവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം. ആരോഗ്യ ഇൻഷുറൻസുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യാത്ര ചെയ്യാം.
ഫൈസർ/ബയോടെക്, അസ്ട്രസെനക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് അംഗീകരിച്ചിരുന്ന വാക്സിനുകൾ. ടൂറിസ്റ്റ് വീസയുള്ള സൗദി ഇതര പൗരന്മാർക്ക് യാത്രയ്ക്ക് അനുവാദമില്ല. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് പിസിആർ പരിശോധന നിർബന്ധമാണ്. എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പിസിആർ പരിശോധന നടത്തേണ്ടതില്ല. 2020 മാർച്ചിൽ കോവിഡ് മഹാമാരി ആരംഭിച്ചതു മുതൽ രാജ്യത്തിലേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിച്ചിരുന്നു. നയതന്ത്രജ്ഞർ ഉൾപ്പെടെ ചില വിഭാഗക്കാരെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
അതേസമയം, ഇന്ത്യ ഉൾപ്പെടെ കോവിഡ് വ്യാപിച്ച 13 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി അറേബ്യ തങ്ങളുടെ പൗരന്മാർക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് നിലനിൽക്കുന്ന അന്താരാഷ്ട യാത്രക്കുള്ള താൽക്കാലിക വിലക്ക് തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് എടുത്തുകളയുന്ന അവസരത്തിലാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം.
ഇന്ത്യ, തുർക്കി, ലിബിയ, സിറിയ, യമൻ, ലബനാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, അർമേനിയ, സോമാലിയ, വെനസ്വല, കോംഗോ റിപ്പബ്ലിക്, ബെലാറസ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് നിയന്ത്രണം. പുതിയ വകഭേദം വന്ന കോവിഡ് ഈ രാജ്യങ്ങളിൽ പടർന്നുപിടിച്ചത് കണക്കിലെടുത്താണ് നിർദേശം. പൗരന്മാരുടെ സുരക്ഷ മുൻനിർത്തിയാണ് പുതിയ തീരുമാനം എന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
പ്രത്യേകം അനുമതി ഇല്ലാതെ ഈ രാജ്യങ്ങളിലേക്ക് നേരിട്ടോ മറ്റു രാജ്യങ്ങൾ വഴിയോ യാത്ര ചെയ്യരുതെന്നാണ് രാജ്യത്തുള്ള സ്വദേശികളോട് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ യാത്രാനുമതിയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും കോവിഡ് സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്നും കോവിഡ് വ്യാപകമായ പ്രദേശങ്ങളിൽ നിന്നും പരമാവധി വിട്ടുനിൽക്കണമെന്നും സ്വദേശികൾക്ക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.