അച്ഛന്‍മാരുടെയും അമ്മമാരുടെയും ശബ്ദമായി ‘ദി സൗണ്ട് ഓഫ് ഏജ്’
ഈ കാലഘട്ടത്തിലെ ജീവിതത്തിലെ പരിഷ്‌കാര ഭ്രമത്തിന്റെ അവശേഷിപ്പുകളാണ് ഇന്ന് നാം കണ്ടുവരുന്ന വൃദ്ധസദനങ്ങള്‍. തങ്ങളുടെ ജീവിതത്തിന് തടസ്സമാകുമെന്ന് കരുതി ഒരു ജന്മം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ച മാതാപിതാക്കളെ യാതൊരു മടിയും കൂടാതെ കൊണ്ട്‌പോയി തള്ളുന്ന ഇടമായി മാറുകയാണ് ഇന്നത്തെ വൃദ്ധസദനങ്ങള്‍. ഇത്തരത്തില്‍, വാര്‍ദ്ധക്യം തികച്ചും ഒരു ജീവിതാവസ്ഥ മാത്രമാണെന്ന യാഥാര്‍ത്ഥ്യത്തോട് സന്ധിചേരാന്‍ സാധിക്കാതെ ഒരു ജീവിതത്തിന്റെ മൊത്തത്തിലായുള്ള സമര്‍പ്പണത്തെയും വാത്സല്യത്തെയും കരുതലിനെയും ഒറ്റയടിക്ക് നിരാകരിക്കുന്ന മക്കളോട് തന്നെയാണ് ചോദിക്കേണ്ടത് എവിടെയാണ് സ്‌നേഹം? എവിടെയാണ് രക്തബന്ധം? പിറന്ന എല്ലാ മനുഷ്യരും നടന്നടുക്കേണ്ടത് ഇതേ വാര്‍ധക്യത്തിലേക്കാണെന്നത് നിങ്ങള്‍ മറന്നു പോകുന്നതെന്തു കൊണ്ട്? അത് തന്നെയാണ് നവാഗതനായ ജിജോ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ദി സൗണ്ട് ഓഫ് ഏജ്’ എന്ന ഹ്രസ്വ ചിത്രം നമ്മളെ കൊണ്ട് ചിന്തിപ്പിക്കുന്നതും മനസ്സിലാക്കി തരുന്നതും. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നീ സ്ട്രീമാണ് ഷോര്‍ട്ട് ഫിലിം റിലീസിനെത്തിച്ചിരിക്കുന്നത്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് എത്തുന്ന കൊച്ചുവീട്ടില്‍ എസ്തപ്പന്‍ മകന്‍ വറീതിന്റെ പരാതിമേലാണ് മക്കളായ ജോണ്, ഫ്രാന്‍സിസ്, ആന്റോ, ആനി എന്നിവര്‍ എത്തിച്ചേരുന്നത്. ഭക്ഷണം പാര്‍പ്പിടം വൈദ്യസഹായം എന്നിവ നല്‍കി മരണംവരെ അപ്പനെ നോക്കി കൊള്ളുവാന്‍ വിമുഖത കാണിക്കുന്ന മക്കള്‍ക്കെതിരെ തന്നെയാണ് അപ്പനായ വറീതിന്റെ പരാതി ഉയരുന്നതും. അപ്പന്റെ ആവശ്യത്തോട് യോജിച്ചുപോകാന്‍ താങ്കള്‍ക്കാവില്ലെന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ അവര്‍ പലവിധത്തില്‍ പറയാന്‍ ശ്രമിക്കുന്നുമുണ്ട്. നിലവിലെ തങ്ങളുടെ സുഖസൗകര്യങ്ങള്‍ക്ക്/ജീവിത്തിന് അപ്പന്‍ ബാധ്യതയാകും എന്ന് തന്നെയാണ് അതിനു പുറകിലെ കാരണവും.
വാര്‍ദ്ധക്യത്തോടുള്ള യുവത്വത്തിന്റെ സമീപനവും, മാതാപിതാക്കള്‍ക്ക് മക്കളോടുള്ള അനുഭാവവും, തുടര്‍ന്നുള്ള സംഭവവികാസങ്ങളും തന്നെയാണ് ദി സൗണ്ട് ഓഫ് എയ്ജ് പറയുന്നതും. അത്ര നിസ്സാരമായ വിഷയമല്ല ചിത്രം പറയുന്നത്. വാര്‍ദ്ധക്യത്തിലെ ശാരീരികവും മാനസികവുമായ അവഗണനകള്‍, മക്കളില്‍ നിന്നോ, ബന്ധുക്കളില്‍ നിന്നോ നേരിടേണ്ടി വരുന്ന സാമ്പത്തിക ചൂഷണങ്ങള്‍ തുടങ്ങിയ എല്ലാത്തരം വിഷയങ്ങളും ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്. വാര്‍ദ്ധക്യത്തില്‍ അനാഥമാകുന്ന മാതാപിതാക്കളുടെ നിരവധി കഥകള്‍ വന്നു പോയിട്ടുണ്ട് എങ്കിലും പ്രമേയപരമായി വേറിട്ടത് തന്നെയാണ് ദി സൗണ്ട് ഓഫ് ഏജ്. വാര്‍ദ്ധക്യം നമുക്കു മുന്‍പിലേക്ക് എത്തുവാനും അധികകാലം ഒന്നും ഇല്ല എന്ന ഓര്‍മ്മപ്പെടുത്തലോടെ കൂടി തന്നെയാണ് ചിത്രം അവസാനിക്കുന്നത്.
പാര്‍വ്വതി പ്രൊഡക്ഷന്‍സ് ആന്‍ഡ് ലിമ്മാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേന്ദ്രന്‍ വാഴക്കാടും ലിമ്മി ആന്റോ കെ., മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ മാത്യു മാമ്പ്രയും ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രത്തില്‍ മജിസ്ട്രേറ്റ് ആയി മുത്തുമണി സോമസുന്ദരന്നും, കൈനകരി തങ്കരാജ്, രഞ്ജിത്ത് മനമ്പ്രക്കാട്ടില്‍, ജിന്‍സ് ഭാസ്‌കര്‍, റോഷ്ന ആന്‍ റോയ്, പ്രണവ് ഏക, സ്വാതി പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങളുമായും എത്തുന്നു. നവീന്‍ ശ്രീറാമിന്റെ ഛായാഗ്രഹണം, ബിജിബാലിന്റെ സംഗീതം തുടങ്ങിയവ മികച്ചതാണ്. ഷോര്‍ട്ട് ഫിലിം രംഗത്തോടുള്ള സാങ്കേതികപരമായ ഇടപെടലുകളില്‍ വലിയ രീതിയിലുള്ള മാറ്റം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് തിളിയിക്കുകയാണ് ഈ ചിത്രം.