സഊദിയിലേക്ക് വരുന്ന പ്രവാസികള്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം സൂക്ഷിക്കണം
ഏത് രാജ്യത്ത് വെച്ചാണോ വാക്‌സിന്‍ എടുത്തത് ആ രാജ്യത്തെ ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തലുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റാണ് സഊദിയിലെത്തുമ്പോള്‍ വിമാനത്താവളങ്ങളില്‍ കാണിക്കേണ്ടത്.
റിയാദ് : സഊദിയിലേക്ക് വരുന്ന പ്രവാസികള്‍ അതാത് രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം സൂക്ഷിക്കണമെന്നും എയര്‍പോര്‍ട്ടുകളില്‍ കാണിക്കണമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ഏവിയേഷന്‍ അതോറിറ്റി പ്രസിദ്ധീകരിച്ച രാജ്യത്തെത്തുന്ന യാത്രക്കാര്‍ പാലിക്കേണ്ട നടപടിക്രമങ്ങളിലാണ് വിശദീകരണം.
ഏത് രാജ്യത്ത് വെച്ചാണോ വാക്‌സിന്‍ എടുത്തത് ആ രാജ്യത്തെ ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തലുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റാണ് സഊദിയിലെത്തുമ്പോള്‍ വിമാനത്താവളങ്ങളില്‍ കാണിക്കേണ്ടത്. സഊദിയില്‍ താമസിക്കുന്ന കാലത്തോളം ഈ സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കണം . അല്ലെങ്കില്‍ സഊദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച പ്രോഗ്രാമുകള്‍, ആപ്ലിക്കേഷനുകള്‍ വഴി ആരോഗ്യനില തെളിയിക്കാന്‍ സാധിക്കണം. ഇത് പാലിക്കാത്ത സാഹചര്യത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരും.
അതേ സമയം കോവിഡ് മുന്കരുതലിന്റെ ഭാഗമായുള്ള ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ മെയ് 20 വ്യാഴാഴ്ച മുതല്‍ നടപ്പിലാകും. വിദേശ രാജ്യങ്ങളില്‍നിന്ന് രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ടെകില്‍ അവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ആവശ്യമില്ല.
ഫൈസര്‍ ബയോന്‍ടെക്, ഒക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനിക്ക കോവിഷീല്‍ഡ്, മോഡേര്‍ണ ഇവയിലേതെങ്കിലുമൊന്നിന്റെ രണ്ട് ഡോസ്, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ വാക്‌സിന്റെ ഒരു ഡോസ് എന്നിവയെടുത്തവര്‍ക്കാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ ഇളവുള്ളത്. സ്വദേശങ്ങളില്‍ നിന്ന് ആ രാജ്യത്ത് ലഭ്യമായ മറ്റേതെങ്കിലും വാക്‌സിന്‍ സ്വീകരിച്ചവരും രണ്ട് ഡോസില്‍ ഒരു ഡോസ് എടുത്തവരും ക്വാറന്റൈന്‍ പരിധിയില്‍ വരുമെന്നാണ് വിശദീകരണം. യാത്ര ചെയ്യുന്നവര്‍ വാക്‌സിനെടുത്ത് 14 ദിവസം പൂര്‍ത്തിയായക്കണം .
കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ സാധികക്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുമെന്ന് ടിക്കറ്റെടുക്കുന്ന വേളയില്‍ എയര്‍ലൈനുകള്‍ തന്നെ ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ കോവിഡ് വ്യാപനമില്ലാത്തതും സഊദിയുടെ യാത്ര വിലക്ക് ലിസ്റ്റില്‍ പെടാത്തതുമായ മറ്റു രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചാണ് സഊദിയിലെത്തുന്നതെങ്കിലും അവര്‍ക്കും മേല്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കേണ്ടി വരും.
വിദേശങ്ങളില്‍ നിന്നെടുത്ത വാക്‌സിന്‍ സംബന്ധമായ വിവരങ്ങള്‍ സഊദിയിലെ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകൃത പ്രോഗ്രാമുകളില്‍ അപ്ലോഡ് ചെയ്യാനാവില്ലെന്നാണ് ഏവിയേഷന്‍ അതോറിറ്റിയുടെ വിശദീകരണത്തില്‍ വ്യക്തമാകുന്നത്. രാജ്യത്തെത്തുന്നവര്‍ തങ്ങളുടെ കൈവശമുള്ള നാട്ടിലെ ആരോഗ്യ വകുപ്പ് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സുരക്ഷിതമായി കൈവശം വെക്കണം. അതില്ലാത്ത പക്ഷം കോവിഡ് സംബന്ധമായി സഊദി പ്രഖ്യാപിച്ചിട്ടുള്ള ശിക്ഷ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്.