രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി.
കൊച്ചി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി. എംഎല്‍മാരുടെ ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് പരിശോധിക്കണം. നിലവില്‍ നിശ്ചയിച്ച ആളുകളുടെ എണ്ണം കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
500 പേരെയാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കനായി ക്ഷണിച്ചത്. എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനാല്‍ എണ്ണം കുറയുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കോവിഡ് സാഹചര്യത്തില്‍ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തൃശൂര്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണ് കോടതിയല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തിലുള്ള തിരുവനന്തപുരത്ത് 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സത്യപ്രതിജ്ഞ ചടങ്ങ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സത്യപ്രതിജ്ഞ ചടങ്ങിനെതിരെ കോടതി സ്വമേധയ കേസെടുക്കണമെന്നു് ആവശ്യപ്പെട്ട് അഭിഭാഷകന്‍ അനില്‍ തോമസ്, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റിയന്‍ എന്നിവര്‍ ചീഫ് ജസ്റ്റിസിനു കത്തു നല്‍കിയിരുന്നു. വ്യഴാഴ്ച വൈകുന്നേരം 3:30നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാര്‍ അധികാരമേല്‍ക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ ആവേശവും ആഹ്‌ളാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു. കേരളമെങ്ങും ആവേശത്തിമിര്‍പ്പില്‍ മുങ്ങേണ്ട ദിനമാണ് ഇതെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആവേശവും ആഹ്‌ളാദവും വീടുകളില്‍ ഒതുക്കിയേ മതിയാകൂ. പുതുയുഗ പിറവിക്ക് തുടക്കം കുറിക്കുന്ന ഈ ദിനത്തില്‍ ചരിത്രവിജയത്തിന്റെ ആവേശം ഒട്ടും ചോരാതെ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് കുടുംബാംഗങ്ങളുമായി അഭിമാനപൂര്‍വം സന്തോഷം പങ്കിടാന്‍ മുഴുവന്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.