സത്യപ്രതിജ്ഞക്കായി ഒരുക്കിയ പന്തൽ പൊളിക്കില്ല; കോവിഡ് വാക്സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിനായി ഒരുക്കിയ പന്തൽ പൊളിക്കില്ല. പകരം അത് വാക്സിനേഷൻ കേന്ദത്രമായി ഉപയോഗിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നിറങ്ങും. സത്യപ്രതിജ്ഞയ്ക്കായി 80, 000 ചതുരശ്രയടി വിസ്താരമുള്ള കൂറ്റൻ പന്തൽ ആയിരുന്നു നിർമിച്ചത്. ഇതിൽ 5000 പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് പറയുന്നത്. നല്ല വായുസഞ്ചാരവും ഇവിടെ ലഭിക്കും.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കെട്ടിയ പന്തൽ വാക്സിനേഷൻ സെന്ററായി ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ച പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡോ. എസ്എസ് ലാൽ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു എസ് എസ് ലാൽ.

സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാൻ പോകുകയാണെന്നും ഇനി പരിഭവിച്ചിട്ട് കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുള്ള സന്ദേശം കിട്ടിക്കഴിഞ്ഞുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കൂറ്റൻ പന്തലിന് അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അറിയുന്നത്. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ ഈ പന്തൽ തൽക്കാലം പൊളിച്ചു കളയരുത്. ഈ പന്തൽ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണം. നടപ്പാക്കിയാൽ ജനങ്ങൾക്ക് ഉപയോഗപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷൻ സ്വീകരിക്കാൻ എത്തിയത്. ആ തിരക്ക് തന്നെ പലർക്കും രോഗം കിട്ടാൻ കാരണമായിക്കാണും. പന്തൽ വാക്സിനേഷന് നൽകിയാൽ വാക്സിൻ ചലഞ്ചിനായി സർക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാമെന്നും എസ് എസ് ലാൽ കുറിച്ചിരുന്നു.

 

വ്യാഴാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് ആയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍, ഹൈക്കോടതിയുടെ നിർദേശം പാലിച്ച് പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരുന്നു സത്യപ്രതിജ്ഞ