തിരൂർ ജില്ലാ ആശ്യപത്രിയിൽ നിന്നും വെൻറിലേറ്റർ സ്വകാര്യ ആശുപത്രിയിലേക്ക് കടത്താൻ ശ്രമം
തിരൂർ: തിരൂർ ജില്ല ആശുപത്രിയിൽനിന്ന് വെൻറിലേറ്റർ സ്വകാര്യ ആശുപത്രിയിലേക്ക് കടത്താനുള്ള നീക്കം സ്റ്റോർ സൂപ്രണ്ടിന്റെ ഇടപെടലിനെ തുടർന്ന് അവസാന നിമിഷം ഉപേക്ഷിച്ചു. സി. മമ്മുട്ടി എം.എൽ.എയുടെ ഫണ്ടിൽനിന്ന് ലക്ഷങ്ങൾ ചെലവാക്കി വാങ്ങിയ മൂന്ന് വെൻറിലേറ്ററുകളാണ് വെള്ളിയാഴ്ച വൈകീട്ടോടെ ആശുപത്രി അധികൃതരുടെ അനുമതിയോടെ കടത്താൻ നീക്കം നടത്തിയത്.
പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽനിന്ന് രണ്ട് ബയോ മെഡിക്കൽ എൻജിനീയർമാരുടെ നേതൃത്വത്തിൽ വാഹനത്തിൽ കയറ്റി കൊണ്ടുപോവാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, വെൻറിലേറ്റർ കൊണ്ടുപോവാനുള്ള കലക്ടറുടെ ഉത്തരവ് സ്റ്റോർ സൂപ്രണ്ട് ചോദിച്ചതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
സ്റ്റോർ സൂപ്രണ്ട് അറിയാതെ ആശുപത്രിയിലെ ഉപകരണങ്ങൾ കൊണ്ടുപോവാനോ കൈമാറാനോ പാടില്ലെന്നാണ് നിയമം. ആശുപത്രിയിൽ ഉപയോഗിക്കാത്ത പുതിയ മൂന്ന് വെൻറിലേറ്ററുകളാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ ശ്രമം നടത്തിയത്. വെൻറിലേറ്റർ ഉപയോഗിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ആശുപത്രിയിൽ നടത്താതെയാണ് ഇത്തരത്തിലൊരു നീക്കം.
വെൻറിലേറ്റർ സൗകര്യം കിട്ടാതെ കോവിഡ് കാലത്ത് രോഗികൾ മരിക്കുമ്പോഴാണ് കടത്താൻ ശ്രമം നടന്നത്. ജില്ല ആശുപത്രിയിൽ പുതിയ വെൻറിലേറ്റർ ഉപയോഗിക്കാതെ കിടക്കുന്നതായുള്ള ആക്ഷേപം പല കോണുകളിൽനിന്നും ഉയർന്നിരുന്നു. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ആശുപത്രി സൂപ്രണ്ട് തയാറായില്ല.