പോലീസ്, ട്രോമാകെയർ വളൻ്റിയർമാർക്ക് സഹായഹസ്തവുമായി എം.ബി.ടി നന്മ ഫൗണ്ടേഷൻ
തിരൂർ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ആഞ്ഞടിക്കുകയും, ട്രിപ്പിൾ ലോക്ഡൗണിൽ ജനങ്ങൾ ഒന്നടങ്കം വീടുകളിൽ ഇരിക്കുകയും ചെയ്യുന്ന ഈ സമയത്ത്; രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, യാതൊരു പ്രതിഫലേച്ഛയും കൂടാതെ, പോലീസടക്കമുള്ള വിവിധ സർക്കാർ വകുപ്പുകൾക്കൊപ്പം പൊരിവെയിലിലും, തോരാത്ത മഴയിലും തിരൂർ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും റയിൽവേ സ്റ്റേഷൻ, കോവിഡ് കൺട്രോൾ സെൽ എന്നിവിടങ്ങളിലും സേവനമനുഷ്ഠിക്കുന്ന 60 ഓളം വരുന്ന പോലീസ് / ട്രോമാകെയർ വളൻ്റിയർ മാർക്ക് മിഷൻ ബെറ്റർ ടുമാറോ നന്മ ഫൗണ്ടേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണ കിറ്റുകളും റെയിൻ കോട്ടുകളും നൽകി.
കൂലിവേല ചെയ്ത് നിത്യവൃത്തി കഴിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും എന്നത് എടുത്തു പറയേണ്ടതാണ്. തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് എം.ബി.ടി നന്മ ഫൗണ്ടേഷൻ ജില്ലാ വൈസ് ചെയർമാൻ അഡ്വ.എം.വിക്രംകുമാർ, വളൻ്റിയർ അമീർ മാടമ്പാട്ടിന് കിറ്റും റെയിൻകോട്ടും നൽകിക്കൊണ്ട് വിതരണത്തിന് തുടക്കം കുറിച്ചു.. തിരൂർ പോലീസ് എസ്.എച്ച്.ഒ. ടി.പി. ഫർർഷാദ്, നന്മ ജില്ലാ എക്സിക്യുട്ടീവ് മെമ്പർ ഇബ്നുൽ വഫ കെ.ടി. എന്നിവർ പങ്കെടുത്തു. എം..ബി.ടി നന്മ നോർത്ത് കേരള റീജിയൻ ചെയർമാൻ ആഷിക് കൈനിക്കര , മലപ്പുറം ജില്ലാ ചെയർമാൻ ഡോ. മുജീബ് റഹ്മാൻ, ട്രഷറർ ബഷീർ ബാബു എന്നിവർ പ്രവർത്തനങ്ങളുടെ ഏകോപനം നിർവ്വഹിച്ചു. തിരൂർ നഗരത്തിൽ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടിയ അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവർക്ക് ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി ഉച്ചഭക്ഷണവും നൽകി.
കോവിഡിൻ്റെ ഒന്നാം തരംഗത്തിലും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും നന്മ ഫൗണ്ടേഷൻ്റെ കേരളത്തിലുടനീളമുള്ള പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു..