മലപ്പുറം ജില്ലയിൽ നാളെ മെഡിക്കൽ സേവനങ്ങൾ മാത്രം അനുവദനീയം
കോവിഡ് 19 വൈറസിന്റെ അതിരൂക്ഷ വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (മെയ് 23) കൂടുതല്‍ കര്‍ശനമാക്കിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. മെഡിക്കല്‍ സേവനങ്ങള്‍ക്കായുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഞായറാഴ്ച പ്രവര്‍ത്തനാനുമതി. നിയന്ത്രണങ്ങളില്‍ നിലവില്‍ ഇളവുള്ള മറ്റു വ്യാപാര സ്ഥാപനങ്ങള്‍ ഞായറാഴ്ച തുറക്കാന്‍ പാടില്ല. എന്നാല്‍ അടിയന്തര ചികിത്സകള്‍ക്ക് ആശുപത്രികളില്‍ പോകുന്നതിന് തടസ്സമില്ല.
അനാവശ്യ യാത്രകള്‍ കര്‍ശനമായി തടയുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അകാരണമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ജില്ലയില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ച് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സമൂഹ രക്ഷക്കായാണെന്ന് തിരിച്ചറിഞ്ഞുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടാകേണ്ടത്. ജില്ലയില്‍ തുടരുന്ന കോവിഡ് നിര്‍വ്യാപന ദൗത്യത്തോട് മികച്ച രീതിയിലാണ് പൊതുജനങ്ങള്‍ സഹകരിക്കുന്നതെന്നും അനിവാര്യമായ ജാഗ്രതയോടെ ഈ ദുരന്തകാലം ജനകീയ പിന്തുണയോടെതന്നെ മറികടക്കാനാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.