ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യണം മന്ത്രി വി. അബ്ദുറഹ്മാൻ
മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കൈകാര്യം ചെയ്യണം എന്നു തന്നെയാണ് തന്റെ പക്ഷമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറത്ത് മാധ്യമങ്ങളോട് സാരിക്കുകയായിരുന്നു. വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾ പ്രയാസമുണ്ടാക്കിയോ എന്ന ചോദ്യത്തിന് വിവാദം ആരുണ്ടാക്കി എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം.
വിവാദത്തിന് തുടക്കം കുറിക്കാൻ വേണ്ടി കാത്തുനിൽക്കുന്ന ആളുകൾ തുടങ്ങുന്നു. സത്യത്തിൽ അവർ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. കഴിഞ്ഞ അഞ്ചുവർഷം അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കിയതിനാലാണ് ഈ സ്ഥിതിയിലെത്തിയത്. വീണ്ടും അതിലേക്ക് പോകാതിരിക്കുന്നതാണ് ബുദ്ധിയെന്ന അഭിപ്രായം തനിക്കുണ്ടെന്നും ലീഗിനെ ലക്ഷ്യംവെച്ച് അബ്ദുറഹ്മാൻ പറഞ്ഞു.
കേരളത്തിലെ മുസ്ലിങ്ങൾ മുഴുവൻ മുസ്ലിം ലീഗുകാരാണെന്ന ഒരു തെറ്റിദ്ധാരണ ആർക്കും വേണ്ട. അത് കഴിഞ്ഞ തിരഞ്ഞെടുപ്പ് തെളിയിച്ചതാണെന്നും മന്ത്രി പറഞ്ഞു.