മലപ്പുറത്ത് സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങി.
ആദ്യഘട്ടത്തിൽ 34 കിടക്കകൾ ആണ് ഒരുക്കിയിട്ടുള്ളത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ നടപടികൾ പുരോഗമിക്കുന്നു
മലപ്പുറം: ജില്ലാ സഹകരണ ആശുപത്രിയുടെ സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങി. നഗരസഭ സൗജന്യമായി അനുവദിച്ച മലപ്പുറം ടൗൺ ഹാളിൽ ആണ് കോവിഡ് ചികിത്സാകേന്ദ്രം ഒരുക്കിയിട്ടുള്ളത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കോവിഡ് മെയിൽ ബ്ലോക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഫീമെയിൽ ബ്ലോക്ക് പാണക്കാട് മുനവ്വറി ശിഹാബ് തങ്ങളും മെഡിസിൻ സെൻ്റർ പി.കെ.കുഞ്ഞാലിക്കുട്ടിയുമാണ് ഉദ്ഘാടനം ചെയ്തു.
കോവിഡ് രോഗികളുടെ കിടത്തി ചികിത്സക്കായി തുടക്കത്തിൽ 34 ബെഡുകളാണ് ഇവിടെയുള്ളത്. 10 ബെഡ് ഓക്സിജൻ ലൈനോടെയുള്ളതാണ്. രോഗികൾക്ക് ചികിത്സ, മരുന്ന്, ലാബ് ടെസ്റ്റ്, ഭക്ഷണം ഉൾപ്പെടെ എല്ലാം പൂർണ്ണമായും സൗജന്യമായിരിക്കും. 24 മണിക്കൂർ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനവുമുണ്ടാകും. മുൻ കേന്ദ്ര മന്ത്രി ഇ.അഹമ്മദിൻ്റെ സ്മരണാർത്ഥം കേന്ദ്രത്തിനു ‘ഇ.അഹമ്മദ് കോവിഡ് കെയർ സെൻ്റർ’ എന്നാണ് പേരിട്ടിരിക്കുന്നത്. കോവിഡ് സെക്കൻ്റ് ലൈൻ ട്രീറ്റ്മെൻറാണ് ഇവിടെ നിന്നും ലഭിക്കുക.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സഹകരണ ആശുപത്രി കോവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ കേന്ദ്രം ഒരുക്കുന്നത്. ജനങ്ങളിൽ നിന്നും സഹായം സ്വീകരിച്ചാണ് ലക്ഷങ്ങൾ ചിലവ് വരുന്ന ഈ പദ്ധതി തുടങ്ങിയിട്ടുള്ളത്. കൂടുതൽ പേര്‍ സമാന രീതിയിൽ കൂടെ നിൽക്കും എന്ന പ്രതീക്ഷയിലാണ് ആശുപത്രി ഭാരവാഹികൾ. “വല്ലാത്ത ഒരു പ്രതിസന്ധിയിലൂടെ ആണ് ജില്ല കടന്നു പോകുന്നത്. സാധാരണ ആളുകൾക്ക് ചികിത്സ എന്നത് ഈ ഘട്ടത്തിൽ താങ്ങാൻ കഴിയാത്ത സാമ്പത്തിക ബാധ്യത ആകും നൽകുക. അത് കൊണ്ടാണ് ഇതെല്ലാം മറികടക്കാൻ കഴിയും വിധം ഒരു സഹായം നൽകാൻ സഹകരണ ആശുപത്രി ശ്രമിക്കുന്നത്. നിലവിൽ സര്‍ക്കാർ നിർദേശിച്ച അത്ര ബെഡുകൾ ആശുപതിയിൽ വിട്ട് നൽകിയിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് മാത്രം പോര. അത് കൊണ്ടാണ് ടൗൺഹാളിൽ ഒരു കോവിഡ് ആശുപത്രി ഒരുക്കാൻ തീരുമാനിച്ചത്. ഇത് തീർത്തും സൗജന്യമാകും. ആദ്യം 40 കിടക്കകൾ ആണ് ഒരുക്കുന്നത്..പിന്നീട് 100 ആക്കി ഉയർത്തും. ഓക്സിജൻ, ഐസിയു സൗകര്യങ്ങൾ എല്ലാം ഇവിടെ തയ്യാറാക്കും” കെപിഎ മജീദ് പറഞ്ഞു.
ഒരു കോടി രൂപയോളം ചിലവിൽ ആശുപത്രിയിൽ പ്രീ ഫാബ്രിക്കേറ്റഡ് സ്റ്റിൽ സ്ട്രെക്ച്ചർ എന്ന ആധുനിക നിർമ്മാണ രീതി ഉപയോഗിച്ച് കോ വിഡ് ബ്ലോക്കിൻ്റെ ജോലിയും പുരോഗമിക്കുന്നുണ്ട്. കാസർകോട് കോവിഡ് രോഗികൾക്കായി ടാറ്റ നിർമ്മിച്ചു സർക്കാറിനു കൈമാറിയ മാതൃകയിലുള്ള രീതിയിലാണിത്.
ആശുപത്രി പ്രസിഡൻറ് കെ.പി.എ.മജീദ്, നിയുക്ത എം.എൽ.എ. പി.ഉബൈദുള്ള, ആബിദ് ഹുസൈൻ തങ്ങൾ, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിദ്ദിഖ് , ആശുപത്രി വൈസ് പ്രസിഡൻ്റ് അബ്ദുള്ള മാസ്റ്റർ, സെക്രട്ടറി സഹീർ കാലടി, സി.എം.ഒ. ഡോ. പരീദ്, ചീഫ് ഫിസിഷ്യൻ ഡോ.വിജയൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.