136 എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭ സമ്മേളനത്തിന് തുടക്കമായി.
136 എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭ സമ്മേളനത്തിന് തുടക്കമായി. കൊവിഡ് നിരീക്ഷണത്തിലായതിനാൽ കെ.ബാബു, എം.വിൻസന്റ് എന്നിവർക്കും, ആരോഗ്യ പ്രശ്‌നങ്ങളാൽ വി. അബ്ദുറഹ്മാനും സത്യപ്രതിജ്ഞക്ക് എത്താനായില്ല. പ്രോടേം സ്പീക്കർ പി.ടി.എ റഹീമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിയന്ത്രിച്ചത്. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നത്. എം.ബി രാജേഷ് ആണ് ഇടതുമുന്നണിയുടെ സ്പീക്കർ സ്ഥാനാർത്ഥി. പി.സി വിഷ്ണുനാഥാണ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി. 28ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ നാലിന് ബജറ്റവതരണം. ജൂൺ 14 വരെയാണ് സഭാ സമ്മേളനം.
ഭാഷാ വൈവിധ്യം കൊണ്ട് വ്യത്യസ്തമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മഞ്ചേശ്വരത്ത് നിന്നുള്ള മുസ്ലിം ലീഗ് എംഎൽഎ എ.കെ.എം അഷ്‌റഫ് കന്നഡയിലും ദേവികുളം എംഎൽഎ എ.രാജ തമിഴിലും മാത്യു കുഴൽനാടനും മാണി സി.കാപനും ഇംഗ്ലീഷിലുമാണ് സത്യവാചകം ചൊല്ലിയത്. 80 പേർ സഗൗരവം പ്രതിജ്ഞ ചെയ്തപ്പോൾ 43 പേർ ദൈവനാമത്തിലും 13 പേർ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലായിരുന്നു എംഎൽഎമാരുടെ ഊഴം. വള്ളിക്കുന്ന് എംഎൽഎ അബ്ദുൽ ഹമീദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളിക്കായിരുന്നു അവസാന ഊഴം. സത്യപ്രതിജ്ഞ ചെയ്തവിൽ 53 പേരും സഭയിൽ ആദ്യമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ 132-ാം ഊഴത്തിൽ സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 74-ാമതും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ 107-ാമതും രമേശ് ചെന്നിത്തല 92-ാമതും സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9 ന് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് ഇടയ്ക്ക് അൽപ്പസമയം നിർത്തിവെച്ചു. എം എൽ എ മാരുടെ ബന്ധുക്കൾക്ക് സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാൻ സഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ സൗകര്യമൊരുക്കിയിരുന്നു