മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 10,000 ലിറ്റര്‍ ഓക്സിജന്‍ സംഭരണി സ്ഥാപിച്ചു
ഓക്സിജന്‍ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10,000 ലിറ്റര്‍ ശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ സംഭരണി സ്ഥാപിച്ചു. പെസോ (പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) അംഗീകാരം ലഭിച്ചാല്‍ ഒരാഴ്ച്ചക്കകം പ്രവര്‍ത്തന സജ്ജമാകുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ.വി നന്ദകുമാര്‍ അറിയിച്ചു. പെസോ മാനദണ്ഡ പ്രകാരം ട്രയല്‍ റണ്‍ നടത്തി പദ്ധതിയുടെ സാങ്കേതിക ക്ഷമത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പുറകിലാണ് അഞ്ച് മീറ്റര്‍ ഉയരമുള്ള സംഭരണി സ്ഥാപിച്ചത്. നിലവിലുള്ള ചെറിയ സംഭരണിയുടെ വിതരണ പൈപ്പുലൈനുമായി പുതിയ ടാങ്ക് ബന്ധിപ്പിക്കും. വിതരണലൈനുകള്‍ പുനസ്ഥാപിക്കുന്ന പ്രവര്‍ത്തിയും പൂര്‍ത്തിയാക്കും. ഇതിനായി രണ്ട് കമ്പനികള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
പാലക്കാട് ഐനോക്‌സ് എയര്‍ ആണ് വിതരണം നടത്തുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി സൗജന്യമായി ഏറ്റെടുത്തത്. അസിസ്റ്റന്റ് കലക്ടര്‍ സഫ്‌ന നസറുദ്ദീന്‍, മെഡിക്കല്‍ കോളേജ് അധികൃതര്‍, യു എല്‍ സി സി എസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.