തിരൂർ ജില്ലാ ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് ഡയാലിസിസ് തുടങ്ങി
തിരൂർ : ജില്ലാ ആശുപത്രിയിൽ രജിസ്റ്റർ ചെയ്ത് ഡയാലിസിസ് ചെയ്തു വരുന്ന രോഗികൾക്ക് കോവിഡ് പോസിറ്റീവായാൽ ആശുപത്രിയിൽ വെച്ച് തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം നിലവിൽ വന്നു.
കുറുക്കോളി മൊയ്‌തീൻ എം. എൽ. എ യുടെ പ്രത്യേക നിർദ്ദേശപ്രകാരം ഇന്നലെ ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റി പ്രത്യേകം യോഗം ചേർന്നാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയത്.
നിലവിൽ സ്ഥലപരിമിതി ഉള്ളതിനാൽ ഇവിടുത്തെ രോഗികൾ പോസിറ്റീവ് ആയാൽ മറ്റ് മെഡിക്കൽ കോളേജുകളിലേക്കാണ് പറഞ്ഞയച്ചിരുന്നത്. രോഗികളുടെ ആധിക്യം മൂലം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാനായിരുന്നു ഇത്.
എം. എൽ. എ യുടെ നിർദ്ദേശപ്രകാരം നിലവിലുണ്ടായിരുന്ന ഡയാലിസിസ് മൂന്ന് ഷിഫ്റ്റുകളാക്കി തിരിക്കും. രാവിലെ 7 നും ഉച്ചക്ക് 12.30 നും ഉള്ള ഷിഫ്റ്റിൽ സാധാരണ രോഗികൾക്കും വൈകുന്നേരം 5 മണിക്കുള്ള ഒടുവിലത്തെ ഷിഫ്റ്റിൽ കോവിഡ് പോസിറ്റീവ് രോഗികൾക്കും ഡയാലിസിസ് ലഭ്യമാക്കുന്നതാണ് പുതിയ തീരുമാനം.ഇങ്ങനെ ചെയ്യുന്നതിലൂടെ രാത്രി മുഴുവൻ ബെഡുകളും ഡയാലിസിസ് യൂണിറ്റും അണു നശീകരണം നടത്തുന്നതിന് ആവശ്യമായ സമയവും സാവകാശവും ലഭിക്കും.
ഇതിനായി നേരത്തെ വ്യത്യസ്ത സമയങ്ങളിലായി ഡയാലിസിസ് ചെയ്തു വരുന്ന രോഗികളെ രണ്ട് ഷിഫ്റ്റിലേക്ക് മാറ്റി ക്രമീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലെ മൂന്നാമത്തെ ഷിഫ്റ്റിലാണ് പോസിറ്റീവ് രോഗികൾക്ക് ഡയാലിസിസ് ചെയ്യുക.
നിലവിൽ ഈ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് ഡയാലിസിസ് ചെയ്ത് വരുന്ന രോഗികൾക്ക് മാത്രമാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളതെന്നും രോഗികൾക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുള്ളതായും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ, ഹോസ്പിറ്റൽ സൂപ്രണ്ട് ബേബി ലക്ഷ്മി, മെമ്പർ ഫൈസൽ എടശ്ശേരി എന്നിവർ പറഞ്ഞു