കോവിഡ് കാലത്ത് കോഡൂര്‍ ഗ്രാമപഞ്ചായത്തിന്റെ സേവനം അഭിനന്ദനാര്‍ഹം: പി. ഉബൈദുള്ള എം എല്‍ എ
മലപ്പുറം : കോഡൂരില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഘട്ടത്തില്‍ കോഡൂര്‍ ഗ്രാമപഞ്ചായത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. വലിയ കൂട്ടായ്മകള്‍ ഒത്തുചേര്‍ന്ന് ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. മഹാമാരിയെ പ്രതിരോധിക്കാന്‍ രാഷ്ട്രീയകക്ഷി, മതഭേദമേന്യെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ വെടിഞ്ഞ് മാനവരാശിക്കായി ഒറ്റക്കെട്ടായി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഡൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍ദ്ധനരായ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന മെഡിക്കല്‍ കിറ്റ് വിതരണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, ഹെല്‍ത്തിഫുഡ്, മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവ അടങ്ങിയതാണ് കിറ്റ്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സലീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ ടി ബഷീര്‍, റാബിയ കെ പി, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, ഗ്രാമപഞ്ചായത്ത് മെമ്പറും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ കെ എന്‍ ഷാനാവാസ്, ശ്രീജ പാലക്കല്‍, കെ ടി റബീബ്, ജൂബി മണപ്പാട്ടില്‍, നീലകണ്ഠന്‍, ആസിഫ് , മുഹമ്മദലി മങ്കരത്തൊടി, മുംതസ് വില്ലന്‍, അജ്മല്‍ ടി, ശരീഫ,അമീറ, ഫൗസിയ, സെക്രട്ടറി റോസി സി, നോഡല്‍ ഓഫീസര്‍ ബിന്ദു വി ആര്‍, ഡോ. അന്‍വര്‍ പങ്കെടുത്തു.