ബ്ലാക്ക് ഫംഗസ്: ജില്ലയില്‍ സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്
കോവിഡ് ബാധിതരിലും രോഗമുക്തി നേടി വരുന്നവരിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് ജില്ലയില്‍ ഏഴ് പേര്‍ക്ക് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏഴ് രോഗികളില്‍ ആറ് പേര്‍ക്കും കോവിഡ് ബാധിച്ചതിന് ശേഷമാണ് ബ്ലാക്ക് ഫംഗസ് പിടിപെട്ടത്. ഇതില്‍ ഒരു രോഗി മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സ ലഭ്യമാണെന്നും ആവശ്യമായ മരുന്നുകള്‍ ജില്ലയില്‍ ലഭ്യമാക്കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മ്യൂകോറേല്‍സ് എന്ന ഫംഗസ് കുടുംബത്തിലെ ഫംഗസുകള്‍ മൂലമുണ്ടാകുന്ന രോഗമാണ് മ്യൂകോര്‍മൈകോസിസ് അഥവാ സൈകോമൈകോസിസ്. മ്യൂകോര്‍മൈകോസിസ് സാധാരണ കാണുന്നത് അനിയന്ത്രിത പ്രമേഹം, രോഗ പ്രതിരോധ ശേഷി കുറവുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, ക്യാന്‍സര്‍ രോഗത്തിന്ന് മരുന്ന് കഴിക്കുന്നവര്‍, ഇടക്കിടക്ക് രക്തം കയറ്റുന്നവര്‍, എച്.ഐ.വി. രോഗ ബാധിതര്‍, ഉയര്‍ന്ന അളവില്‍ സ്റ്റിറോയിഡ് മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരിലാണ്. പ്രതിരോധശേഷി കുറഞ്ഞവരെയാണ് മ്യുകോറേല്‍സ് സാധാരണയായി ബാധിക്കുന്നത്. കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് പോലെ പ്രതിരോധ സംവിധാനത്തെ അമര്‍ത്തിവയ്ക്കുന്ന മരുന്നുകള്‍ ഫംഗസ് ബാധയ്ക്ക് സാഹചര്യം ഒരുക്കാം. പ്രതിരോധ സംവിധാനത്തെ താറുമാറാക്കുന്ന അര്‍ബുദം, അവയവമാറ്റം പോലുള്ള സാഹചര്യങ്ങളും ഫംഗസ് ബാധയിലേക്ക് നയിക്കാനിടയുണ്ട്.
വ്യക്തിയുടെ പ്രതിരോധ സംവിധാനവും ശ്വാസകോശവും ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ ഈ ഫംഗസുകള്‍ക്ക് അണുബാധ ഉണ്ടാക്കാനാവില്ല. ശ്വാസകോശം തകരാറിലാവുകയോ പ്രതിരോധശേഷി താറുമാറാകുകയോ ചെയ്യുമ്പോള്‍ ഫംഗസ് അപകടകാരിയായി മാറും. കോവിഡ് രോഗികളില്‍ ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണവും ഇതാണ്. ഫംഗസ് ബീജകോശങ്ങള്‍ കോവിഡ് രോഗികളുടെ ശ്വാസനാളിയിലും സൈനസിലും വളര്‍ന്ന് ശരീരത്തിലെ കോശങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തുകയാണ് ചെയ്യുന്നത്.