ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷം ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനോത്സവവും ഓണ്‍ലൈനായി നടത്തും. ഓണ്‍ലൈനായി നടത്തിയ ക്യുഐപി മീറ്റിങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
അധ്യാപകരെല്ലാം ജൂണ്‍ ഒന്നു മുതല്‍ സ്‌കൂളുകളില്‍ എത്തണം. വിക്‌ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസ്സുകള്‍ ഉണ്ടാകും. അതിനൊപ്പം അധ്യാപകരും ഓണ്‍ലൈനായി ക്ലാസ്സുകളെടുക്കണം. ആദ്യത്തെ ഒരാഴ്ച ട്രയല്‍ ക്ലാസ്സുകള്‍ നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂള്‍ തല പ്രവേശനോത്സവത്തിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു. അധ്യാപക നിയമനം വേഗത്തിലാക്കുന്നതിനും നിലവില്‍ ശമ്ബളം ലഭിക്കാത്തവരുടെ ശമ്ബളം ലഭ്യമാക്കുന്നതിനും നടപടികള്‍ വേഗത്തിലാക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത തരത്തില്‍ എസ്‌എസ്‌എല്‍സി, പ്ലസ്ടു മൂല്യനിര്‍ണയ ക്രമീകരണങ്ങള്‍ ഒരുക്കും. എല്‍എസ്‌എസ്, യുഎസ്‌എസ് പരീക്ഷ കൊവിഡ് സാഹചര്യം മനസ്സിലാക്കി ഉചിതമായി തീരുമാനിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത ഡിഡിഇ ജീവന്‍ ബാബു അറിയിച്ചു.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ വിശദമായ കാര്യങ്ങള്‍ എഴുതി നല്‍കാന്‍ അധ്യാപക സംഘടനകളോട് മന്ത്രി ആവശ്യപ്പെട്ടു. അധ്യാപക സംഘടനാ നേതാക്കളായ ടി. അനൂപ്, എന്‍. ശ്രീകുമാര്‍, എ. ശിവരാജന്‍, സലാഹുദീന്‍, എം.കെ. ബിജു, കരിം പടുകുണ്ടില്‍, തമീമുദീന്‍, ഹരീഷ് കടവത്തൂര്‍, പി.എം. രാജീവ് എന്നിവര്‍ പങ്കെടുത്തു.