കറന്റ് ബില്ല് അധികമായാൽ ഇൻകം ടാക്‌സ് ലിസ്റ്റിൽ

1000 രൂപയ്ക്ക് മേലുള്ള ബില്ലുകള്‍ ഇനി പണമായി കെ.എസ്.ഇ.ബി കൗണ്ടറില്‍ സ്വീകരിക്കില്ല.

പ്രതിമാസ കറണ്ട് ബില്‍ തുക ആയിരം രൂപ കടന്നാല്‍ ഓണ്‍ലൈന്‍ പേയ്മെന്റ് നിര്‍ബന്ധമാക്കാനും, 8500 കവിഞ്ഞാല്‍ ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യാനും കെ.എസ്.ഇ.ബി തീരുമാനം. ദേശീയ തല പരിഷ്കരണ നടപടികളുടെ ഭാഗമായാണിത്. ഓണ്‍ലൈന്‍ പേയ്മെന്റ് സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കിയശേഷമാവും നിര്‍ബന്ധമാക്കുക.

ഒരുലക്ഷത്തില്‍ കൂടുതല്‍ തുക വാര്‍ഷിക കറണ്ട് ബില്‍ അടയ്ക്കുന്നവരുടെ പേരാണ് ഇന്‍കംടാക്സിലേക്ക് പോകുക. കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് തമിഴ്നാട് അടക്കം പല സംസ്ഥാനങ്ങളിലും നേരത്തേ നടപ്പാക്കി.

1000 രൂപയ്ക്ക് മേലുള്ള ബില്ലുകള്‍ ഇനി പണമായി കെ.എസ്.ഇ.ബി കൗണ്ടറില്‍ സ്വീകരിക്കില്ല.

 

നേരത്തേ 1500 രൂപയ്ക്ക് മേലുള്ള ബില്ലുകള്‍ ഓണ്‍ലൈനായി അടച്ചാല്‍ മതിയെന്ന തീരുമാനം നടപ്പായിരുന്നില്ല. ഇനി ബില്ലിംഗ് സോഫ്ട് വെയറില്‍ മാറ്റം വരുത്തുന്നതോടെ, കാഷ് കൗണ്ടറുകളില്‍ ആയിരത്തില്‍ കൂടിയ തുകയ്ക്ക് കൗണ്ടര്‍ റസീപ്റ്റ് നല്‍കാനാവാത്ത സ്ഥിതിയാകും.

കൊവിഡും ലോക്ക് ഡൗണുമായതോടെ സംസ്ഥാനത്ത് ഓണ്‍ലൈനായി ബില്ലടയ്ക്കുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചു. ഇതോടെ, കാഷ് കൗണ്ടറുകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൗണ്ടറുകളുടെ പ്രവര്‍ത്തനം ഒരു ഷിഫ്റ്റാക്കി. നിലവില്‍ ഉച്ചയ്ക്ക് ശേഷം കൗണ്ടറില്ല.