മാസ്ക്കിന് വില കൂട്ടിയാൽ പിടിവീഴും
സർക്കാർ മാനദണ്ഡപ്രകാരം ഒരു സർജിക്കൽ മാസ്ക്കിന് 3.90 രൂപയാണ്. എന്നാൽ, അഞ്ചും അധിലധികവുമാണ് പല ഷോപ്പുകളും ഈടാക്കുന്നത്.
തിരൂർ: മാസ്ക്കിന് സർക്കാർ നിശ്ചയിച്ച തുക മറികടന്ന് വിലകൂട്ടി വിൽപന നടത്തുന്നതായി പരാതി വ്യാപകം. മാസ്ക് വില നിയന്ത്രണം പാലിക്കാത്ത കടകൾക്കെതിരെ നടപടിയുമായി അധികൃതർ രംഗത്ത്. തിരൂരിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും മാസ്ക് ഉയർന്ന വിലയാണ് ഈടാക്കുന്നത്. കടകളിൽ ഉപഭോക്താവിന് ഉപയോഗിക്കാനായി കാലിയായ സാനിറ്റൈസർ കുപ്പികളാണ് വെച്ചിരിക്കുന്നത്. പരിശോധനയ്ക്ക് അധികൃതർ വരുമ്പോൾ പുതിയത് എടുത്തു വയ്ക്കുകയും അവർ പോയാൽ തിരിച്ചു കാലിയായത് വയ്ക്കുകയുമാണ് സ്ഥിരം പതിവ്.
കോവിഡ് പ്രതിരോധ സാമഗ്രികൾക്ക് പരമാവധി തുക നിശ്ചയിച്ച ഉത്തരവ് പാലിക്കാതെ അമിത വിലയ്ക്ക് മാസ്ക് വിൽക്കുന്നെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് സിവിൽ സപ്ലൈസ് വകുപ്പ്, നഗരസഭ ആരോഗ്യ വിഭാഗം, ലീഗൽ മെട്രോളജി വകുപ്പ് എന്നിവർ സംയുക്തമായി വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്.
ഇരട്ട മാസ്ക് നിർബന്ധമാക്കിയ സാഹചര്യം മുതലെടുത്താണ് ഉയർന്ന വിലയിൽ ചില കടകളിൽ വിൽപന നടത്തിയിരുന്നത്. നഗരസഭ പരിധിയിലെ വിവിധ ഷോപ്പുകളിലാണ് പരിശോധന നടന്നത്.
വിവിധ കടകളിൽ സർജിക്കൽ മാസ്ക്കിന് തോന്നിയ വിലയാണ് ഈടാക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. ആദ്യദിനം താക്കീത് നൽകുകയും, തൽസ്ഥിതി തുടർന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ സ്വാമിനാഥൻ പറഞ്ഞു.
സർക്കാർ മാനദണ്ഡപ്രകാരം ഒരു സർജിക്കൽ മാസ്ക്കിന് 3.90 രൂപയാണ്. എന്നാൽ, അഞ്ചും അധിലധികവുമാണ് പല ഷോപ്പുകളും ഈടാക്കുന്നത്.