തിരൂർ നഗരസഭയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് നഗരത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകാൻ ഇടയായതെന്ന് ഡിവൈഎഫ്ഐ

ആർ ആർ ടി വളണ്ടിയർമാരുടെ പേരിൽ മുസ്ലിം ലീഗ് പ്രവർത്തകർക്ക് മാത്രം വാക്സിൻ വിതരണം നടത്തിയതാണ് നഗരസഭയിലെ വാക്സിൻ വിതരണം അവതാളത്തിലാക്കിയത്.

തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ തിരൂർ നഗരസഭയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് നഗരത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകാൻ ഇടയായതെന്ന് ഡിവൈഎഫ്ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു..

 

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ആരംഭിക്കേണ്ട സി എഫ് എൽടിസി, ഷെൽട്ടർ എന്നിവ തുടങ്ങാൻ ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വിതണ്ഡവാദങ്ങൾ ഉന്നയിച്ച് അതിനെയെല്ലാം ചുമതലാ ജില്ലാ ഭരണകൂടത്തിന്റെമേൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് നഗരസഭ അധികൃതർ ശ്രമിച്ചത്. വാർഡ് തലത്തിൽ ആർ ആർ ടി ക്കളെ സജീവമാക്കുന്നതിൽ സങ്കുചിതമായ രാഷ്ട്രീയമാണ് നഗരസഭ ഭരണകൂടം പുറത്തെടുത്തത്.

വാക്സിനേഷന്റെ കാര്യത്തിൽ തരംതാണ രാഷ്ട്രീയ നീക്കമാണ് നഗരസഭ നടത്തിയത്. ആർ ആർ ടി വളണ്ടിയർമാരുടെ പേരിൽ മുസ്ലിം ലീഗ് പ്രവർത്തകർക്ക് മാത്രം വാക്സിൻ വിതരണം നടത്തിയതാണ് നഗരസഭയിലെ വാക്സിൻ വിതരണം അവതാളത്തിലാക്കിയത്. ഭക്ഷണത്തിനും മരുന്നിനും ചികിത്സയ്ക്കുവേണ്ടി ആളുകൾ വ്യാപകമായി തെരുവിലിറങ്ങുന്ന സ്ഥിതിവന്നു. ഇത് രോഗവ്യാപനം രൂക്ഷമാക്കി, കോവിഡ് വ്യാപനത്തിന് ആദ്യഘട്ടത്തിൽ തുടക്കം മുതൽ തന്നെ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാൻ കഴിഞ്ഞ കൗൺസിൽ ജിഎംയുപി സ്കൂളിൽ ഷെൽട്ടർ സൗകര്യം ഒരുക്കിയിരുന്നു. ഭക്ഷണം തേടി തെരുവിൽ അലഞ്ഞു നടന്ന ഇവർക്ക് ഭക്ഷണം നൽകാൻ നഗരസഭ ഷെൽട്ടർ ഒരുക്കാതെ ഇരുന്നപ്പോൾ ഡി വൈ എഫ് ഐ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളാണ് ഇതിനു തയ്യാറായത്. ഒരു മാസത്തിനുശേഷം നഗരസഭ തുടങ്ങിയ ഷെൽട്ടർ വെള്ളത്തിൽ വരച്ച വരപോലെയായി. വീടുകളിൽ പോസിറ്റീവ് ആകുന്ന രോഗികൾക്ക് ഒറ്റയ്ക്ക് കഴിയാൻ ഭൂരിഭാഗം വീടുകളിലും സൗകര്യം ലഭ്യമല്ല. ഇവരെ മാറ്റിപ്പാർപ്പിക്കാൻ സി എഫ് എൽടിസി തുടങ്ങാൻ എല്ലാവരും ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും ഇരട്ടത്താപ്പ് സമീപനമാണ് നഗരസഭ സ്വീകരിച്ചത്. ഏപ്രിൽ 24ന് സി എഫ് എൽ ടിനി തുറന്നു പ്രവർത്തിച്ചു എന്ന് ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട നഗരസഭ ചെയർപേഴ്സണ് ഒരു മാസത്തിനുശേഷം വീണ്ടും ഉദ്ഘാടനം ചെയ്യാൻ യാതൊരു ലജ്ജയുമില്ല. മാധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ട കളവ് പറയുന്നതിനും വീരവാദങ്ങൾ മുഴക്കുന്ന്തിനും മുതിരുന്ന നേരത്ത് പൊതുജനങ്ങൾക്ക് കോവിഡ് കാലത്ത് ബുദ്ധിമുട്ടുകൾ അകറ്റാൻ സർക്കാർ നൽകിയ പദ്ധതി പണവും അധികാരവും ഉപയോഗപ്പെടുത്താൻ നഗരസഭ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ ഓർമപ്പെടുത്തുന്നു. കോവിഡ് പ്രതിരോധത്തിന് പേരിൽ നടത്തിയ കുറെ ഫോട്ടോ സെക്ഷനുകൾ അല്ലാതെ നാട്ടുകാർക്ക് പ്രതിരോധത്തിനോ, രോഗികൾക്ക് ചികിത്സക്കോ ആവശ്യമായതൊന്നും ഒരുക്കാൻ നഗരസഭ തയ്യാറായില്ല. തിരൂരിലെ മത്സ്യ മൊത്തമാർക്കറ്റിൽ യാതൊരു നിയന്ത്രണമേർപ്പെടുത്താൻ നഗരസഭ തയ്യാറായില്ല. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇത് ചെയ്തത്. മുസ്ലിം ലീഗ് ഭരിക്കുന്നതുൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ ആരാധനാലയങ്ങളുടെ ഭാരവാഹികളുടെ യോഗം വിളിച്ചു ചേർത്തു കർക്കശ നിയന്ത്രണങ്ങൾക്ക് മുൻകൈ എടുത്തപ്പോൾ സാമുദായിക രാഷ്ട്രീയ കൂട്ടുകെട്ടുകൾ ഓർത്തു അതിന് മുതിർന്നില്ല. ഒരു പ്രാദേശിക ഭരണകൂടം ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത സങ്കുചിതവും നിരുത്തരവാദിത്തപരമായ സമീപനങ്ങൾ സ്വീകരിച്ചത് മൂലമാണ് നഗരസഭയിലെ കോവിഡ് വ്യാപനം ഇന്നത്തെ രീതിയിൽ രൂക്ഷമായത്. തിരൂരിൽ ഒരു ബ്ലാക്ക് ഫംഗസ് രോഗബാധിതൻ ഉണ്ടായിട്ടുപോലും ആ കുടുംബത്തിന് ചികിത്സ സഹായം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനോ രോഗബാധിതനെ സാഹചര്യങ്ങളെപ്പറ്റി പഠനം നടത്താനോ വിവരശേഖരണം നടത്താനോ അതിന്റെ അടിസ്ഥാനത്തിൽ രോഗവ്യാപനം തടയുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനോ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. ടൗൺഹാളിൽ ജില്ലാ ആശുപത്രി വാക്സിനേഷൻ സൗകര്യം അനുവദിച്ചു നല്കിയിട്ടും എന്തുകൊണ്ടാണ് നഗരവാസികൾക്ക് വാക്സിൻ നൽകാൻ സാധിക്കാത്തത് എന്ന് മറുപടി പറയാൻ നഗരസഭ അധികൃതർക്ക് ബാധ്യതയുണ്ട് . സങ്കുചിത രാഷ്ട്രീയത്തിന്റെ തടവറയിൽനിന്നും പുറത്തുകടന്നു കൊവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും പ്രാധാന്യം നൽകി ഉണർന്നു പ്രവർത്തിക്കാൻ നഗരസഭ അധികൃതർ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ മുനിസിപ്പൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.