പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു; ഈ മാസം ഇത് 15ാം തവണ
ഫെബ്രുവരിയിൽ 16 തവണയാണ് വില വർധിപ്പിച്ചത്. ഏകദേശം 20 രൂപക്ക് മുകളിലാണ് കഴിഞ്ഞ ഒരു വർഷം വർധനവ് ഉണ്ടായിരിക്കുന്നത്.
ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. ഈ ഒരു മാസം ഇത് പതിനഞ്ചാം തവണയാണ് വില വർധിപ്പിക്കുന്നത്. പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 96ന് അടുത്തെത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.98 രൂപയാണ് ഇന്നത്തെ വില. ഡീസൽ വില 91.28 രൂപയാണ്. കൊച്ചിയിൽ പെട്രോളിന് 94.10 രൂപയും ഡീസലിന് 89.52 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 94.41 രൂപയും ഡീസലിന് 89.83 രൂപയുമാണ് ഇന്നത്തെ വില. മെയ് മാസത്തിൽ ഒരു ലിറ്റർ പെട്രോളിന് 3.54 രൂപയും ഡീസലിന് 4.19 രൂപയുമാണ് വർധിച്ചത്.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം തുടർച്ചയായ ദിവസങ്ങളിലാണ് രാജ്യത്ത് ഇന്ധന വില കൂടിയത്. മാർച്ചിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടർച്ചയായുള്ള വില വർധനവ് നിർത്തിവെച്ചിരുന്നു. എന്നാൽ ഈ മാസം മാത്രം ഇതിനോടകം 15 തവണ വില വർധിപ്പിച്ചു. ഫെബ്രുവരിയിൽ 16 തവണയാണ് വില വർധിപ്പിച്ചത്. ഏകദേശം 20 രൂപക്ക് മുകളിലാണ് കഴിഞ്ഞ ഒരു വർഷം വർധനവ് ഉണ്ടായിരിക്കുന്നത്.
വ്യാഴാഴ്ചയാണ് ഇതിന് മുൻപ് വില വർധിപ്പിച്ചത്. ഒരു ലിറ്റർ പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് അന്ന് വർധിപ്പിച്ചത്. ചൊവ്വാഴ്ച പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപയും ഡീസലിന് 84.95രൂപയുമാണ്.
മെട്രോ നഗരങ്ങളിൽ മുംബൈയിലാണ് ഏറ്റവും ഉയർന്ന നിരക്ക്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 100 രൂപ പിന്നിട്ടു. ഒരു ലിറ്റർ പെട്രോളിന് 100.25 രൂപയും ഡീസലിന് 92.23 രൂപയുമാണ്. ചെന്നൈയിൽ ഒരു ലിറ്റര്‍ പെട്രോളിന് 95.56 രൂപയും ഡീസലിന് 89.70 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 94.03 രൂപയും ഡീസലിന് 87.79 രൂപയുമാണ്. രാജ്യത്ത് ഇന്നും പെട്രോൾ, ഡീസൽ വില ഏറ്റവും ഉയർന്നുനിൽക്കുന്നത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ഒരു ലിറ്റർ പെട്രോളിന് 104.95 രൂപയും ഡീസലിന് 97.81 രൂപയുമാണ്.
വാറ്റ് നികുതിയും ചരക്ക് കൂലിയും പ്രാദേശിക നികുതിയും അനുസരിച്ച് രാജ്യത്തെ ഓരോ നഗരങ്ങളിലെയും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടാകും. രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വില, ഡോളർ – രൂപ വിനിമയ നിരക്ക്, നികുതി എന്നിവ കണക്കാക്കി ഓരോ ദിവസവും രാവിലെ ആറു മണിക്കാണ് ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികൾ ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുന്നത്.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)
അലപ്പുഴ – 94.51/ 89.91
എറണാകുളം- 94.10 / 89.52
വയനാട്- 95.21 / 90.53
കാസർഗോഡ് – 95.20/ 90.57
കണ്ണൂർ- 94.36 / 89.79
കൊല്ലം – 95.36/ 90.70
കോട്ടയം- 94.54/ 89.93
കോഴിക്കോട്- 94.41 / 89.83
മലപ്പുറം- 94.84/ 90.24
പാലക്കാട്- 95.24/ 90.58
പത്തനംതിട്ട- 95.06/ 90.42
തൃശ്ശൂർ- 94.66/ 90.05
തിരുവനന്തപുരം- 95.98/ 91.28
അതേസമയം രാജ്യാന്തര വിപണിയിൽ യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 66.32 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡോയിലിന് ബാരലിന് 69.63 ഡോളറാണ്. ഇന്ധന വില കുതിച്ചുയരുന്നത് രാജ്യത്ത് പണപ്പെരുപ്പ നിരക്ക് വർധിപ്പിച്ചേക്കുമെന്ന ആശങ്കയുണ്ട്. ഡീസൽ വില പലയിടത്തും 90 കടന്നതോടെ ചരക്ക് സേവന നിരക്ക് വർധിക്കാൻ വഴിയൊരുക്കും. ഇത് എഫ്എംസിജി, പഴം, പച്ചക്കറി, ഇരുമ്പ്, ഉരുക്ക് തുടങ്ങിയ വസ്തുക്കളുടെ വില കൂടാനും കാരണമാകും.