സ്കൂളിന് സ്നേഹസമ്മാനമായി സ്റ്റേജ് നിർമിച്ച് നൽകി അനിത ടീച്ചർ പടിയിറങ്ങി

മംഗലം: കുട്ടികൾക്ക് സ്നേഹ സമ്മാനമായി സ്റ്റേജ് നിർമിച്ച് നൽകി അനിത ടീച്ചർ പടിയിറങ്ങി.പൊതുപ്രവർത്തക കൂടിയായ എം.വി.അനിത മംഗലം എ.എൽ.പി സ്കൂളിലെ പ്രധാന അധ്യാപികയാണ്.1985 ൽ സ്കൂളിൽ പ്രവേശിച്ച അനിതക്ക് അടുത്ത വർഷം തന്നെ പ്രധാന അധ്യാപികയുടെ ചുമതലയേൽക്കേണ്ടി വന്നു.35 വർഷം തുടർച്ചയായി പ്രധാന അധ്യാപികയുടെ കസേരയിലിരുന്നു.

ജില്ലയിൽ ഇത്രയും കാലം പ്രധാനഅധ്യാപിക തസ്തികയിലിരുന്നവർ ചുരുക്കമാണ്.പഠനത്തോടൊപ്പം കലാരംഗത്തും കുട്ടികളെ ഉയർച്ചയിലേക്ക് കൊണ്ടു വരാൻ ടീച്ചർക്ക് സാധിച്ചു.കുട്ടികളുടെ കലാപ്രകടനങ്ങൾക്ക് കൂടുതൽ അവസരമുണ്ടാകട്ടെയെന്ന് കരുതിയാണ് സ്റ്റേജ് നിർമിച്ചത്.നിർമാണം പൂർത്തിയായെങ്കിലും കോവിഡ് സുരക്ഷാ മാനദണ്ഡമായതിനാൽ കുട്ടികളുടെ കലാപ്രകടനം പുതുതായി നിർമിച്ച സ്റ്റേജിൽ അവതരിപ്പിച്ച് കാണാൻ കഴിയാത്തതിന്റെ അനിത ടീച്ചർക്ക് വിഷമമുണ്ട്. അധ്യാപനത്തോടൊപ്പം രാഷ്ട്രീയ രംഗത്തും സജീവമാണ് എം.വി.അനിത.2010 ൽ തിരൂർ നഗരസഭയിലേക്ക് മൽസരിച്ച് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷയായി.ഇത്തവണ നഗരസഭയിലെ ഒന്നാം വാർഡായ പൊറൂരിനെ പ്രതിനിധീകരിക്കുന്ന കൗൺസിലറാണ്.സ്റ്റേജ് തുറന്നു കൊടുക്കുന്ന ചടങ്ങിൽ പഞ്ചായത്തംഗം നിഷ രാജീവ്,പി.ടി.എ പ്രസിഡന്റ് ആഷിഫ് നാലകത്ത് ,എം.വി.കിഷോർ,എം.പി.സുലൈഖ,അനിതാ കിഷോർ,ഷിനോഷ്,അൻവർ സെയ്ൻ എന്നിവർ പങ്കെടുത്തു.