സ്വര്‍ണ്ണ വ്യാപാരശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി വേണം

മലപ്പുറം: സ്വര്‍ണ്ണ വ്യാപാര ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ആഭരണശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് ഉപകാരപ്പെടുകയുള്ളു. ജനങ്ങളുടെ കൈവശമുള്ള പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റഴിച്ച് ബാങ്ക് ബാധ്യതകളും മറ്റു ആവശ്യങ്ങളും നിറവേറ്റുന്നതിന് വ്യാപാര ശാലകള്‍ തുറക്കേണ്ടത് അത്യാവശ്യമാണ്. ഇതിനു പുറമേ വ്യാപാര ശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗുണകരമാവുകയുമുള്ളു. വിവാഹ ക്ഷണക്കത്ത് കൈവശമുള്ളവര്‍ക്ക് മാത്രമേ സ്വര്‍ണ്ണാഭരണ കടകളില്‍ പ്രവേശനമുള്ളുവെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. അല്ലാത്തതെല്ലാം ഹോം ഡെലിവറി ചെയ്യണമെന്നുമാണ് പറയുന്നത്. സ്വര്‍ണ്ണാഭരണ മേഖലയില്‍ ഓണ്‍ലൈന്‍ വ്യാപാരം അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണെന്നും യോഗം വിലയിരുത്തി.

എത്രയും വേഗത്തില്‍ എല്ലാ ജ്വല്ലറികളും രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെയെങ്കിലും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് പി ടി അബ്ദുറഹിമാന്‍ഹാജി, ജനറല്‍ സെക്രട്ടറികെ ടി, അക്ബര്‍,ട്രഷറര്‍ കെ വി എം കുഞ്ഞി, സി പി അബ്ദുല്‍ അസീസ് പങ്കെടുത്തു