കോവിഡിനെ ചൊല്ലി സഭയില്‍ ബഹളം; പ്രതിരോധത്തെ ഇകഴ്ത്തരുതെന്ന് ആരോഗ്യമന്ത്രി; തെറ്റ് ചൂണ്ടിക്കാണിക്കുമെന്ന് പ്രതിപക്ഷം
കോവിഡ് മരണങ്ങള്‍ കുറച്ചുകാണിക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ പല ആനുകൂല്യങ്ങളൂം ആ കുടുംബങ്ങള്‍ക്ക് നഷ്ടപ്പെടുകയാണെന്നും പ്രതിപക്ഷം ഉന്നയിച്ചു.
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോര്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത പ്രതിപക്ഷം അതിനെ ഇകഴ്ത്തികാണിക്കരുതെന്ന് ആരോഗ്യമ്രന്തി വീണ ജോര്‍ജ് പറഞ്ഞു. ഇങ്ങനെയാണോ പ്രതിരോധ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതെന്നും മന്ത്രി ചോദിച്ചു. എന്നാല്‍ സര്‍ക്കാരിന്‍െ പ്രവര്‍ത്തനങ്ങളെ ഇടകഴ്ത്തുകയോ വിമര്‍ശിക്കുകയോ അല്ല ചെയ്തതെന്നും വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷം പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്നും ഡോ.എം.കെ മുനീര്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചര്‍ച്ചയിലാണ് തര്‍ക്കം വന്നത്.
കോവിഡ് മരണങ്ങളില്‍ കൃത്യത കൊണ്ടുവരണമെന്ന പ്രതിപക്ഷം ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റീവ് ആയിരിക്കേ മറ്റ് രോഗങ്ങള്‍ വന്ന് മരിക്കുന്നവരും കോവിഡാനന്തര പ്രശ്‌നങ്ങളാല്‍ മരണപ്പെടുന്നവരും കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നില്ല. കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ചികിത്സിക്കുന്ന ഡോക്ടറല്ല. തിരുവനന്തപുരത്തുള്ള ഒരു സമിതിയാണ്- പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
കോവിഡ് മരണങ്ങള്‍ കുറച്ചുകാണിക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ പല ആനുകൂല്യങ്ങളൂം ആ കുടുംബങ്ങള്‍ക്ക് നഷ്ടപ്പെടുകയാണെന്നും പ്രതിപക്ഷം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചു.