കൊവിഡ് രണ്ടാം തരംഗത്തിനിടെ മരിച്ചത് 594 ഡോക്‌ടർമാർ; സംസ്ഥാനങ്ങളിലെ മരണ കണക്ക് നിരത്തി ഐ എം എ
ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡൽഹിക്ക് പുറമേ ഏറ്റവും കൂടുതൽ ഡോക്‌ടർമാർ കൊവിഡ് ബാധിച്ച് മരിച്ചത്.
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം സൃഷ്‌ടിച്ച പ്രതിസന്ധികൾക്കിടെ ഇതുവരെ 594 ഡോക്‌ടർമാർ മരിച്ചെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഡോക്‌ടർമാർ മരിച്ചതെന്ന് ഐ എം എ വ്യക്തമാക്കുന്നു. 107 ഡോക്‌ടർമാരാണ് ഡൽഹിയിൽ മാത്രം മരിച്ചത്.
ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡൽഹിക്ക് പുറമേ ഏറ്റവും കൂടുതൽ ഡോക്‌ടർമാർ കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ടാം തരംഗത്തിൽ മരിച്ച ഡോക്‌ടർമാരുടെ എണ്ണത്തിൽ 45 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ഐ എം എ കണക്കുകൾ വ്യക്തമാക്കുന്നു. ഡോക്‌ടർമാരുടെ മരണങ്ങളിൽ ബിഹാറാണ് രണ്ടാം സ്ഥാനത്ത്. 96 ഡോക്‌ടർമാർ രണ്ടാം തരംഗത്തിൽ ബിഹാറിൽ മരിച്ചു.
ഉത്തർപ്രദേശിൽ 67 ഡോക്‌ടർമാരാണ് മരിച്ചത്. കേരളത്തിൽ അഞ്ച് ഡോക്‌ടർമാരാണ് ഇതുവരെ മരണപ്പെട്ടത്. കഴിഞ്ഞ വർഷം മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതൽ ആയിരത്തി മൂന്നൂറോളം ഡോക്‌ടർമാരാണ് തങ്ങളുടെ ഔദ്യോഗിക സേവനത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.