കോവിഡ് പോസിറ്റീവായ സ്ത്രീ, മരുമകളെയും ചെറുമക്കളെയും മാറി മാറി കെട്ടിപ്പിടിച്ച് രോഗം പരത്തി; പിന്നാലെ വീട്ടിൽ നിന്ന് പുറത്താക്കി
കരിംനഗർ: കോവിഡ് മഹാമാരിക്കിടെ ശത്രുക്കളോട് പോലും ചെയ്യരുതാത്ത കാര്യമാണ് തെലങ്കാനയിലെ ഒരു സ്ത്രീ ചെയ്തത്. രോഗം സ്ഥിരീകരിച്ചെന്ന് മനസിലാക്കിയ സ്ത്രീ വീട്ടിൽ ക്വറന്റീനിലിരിക്കുന്നതിനോ മരുന്നുകൾ കഴിക്കുന്നതിനോ നിൽക്കാതെ തന്റെ കുടുംബത്തിലുള്ളവർക്ക് രോഗം പരത്താനാണ് ശ്രമിച്ചത്. വടക്കൻ തെലങ്കാനയിലെ രാജണ്ണ സിർസില്ല ജില്ലയിലെ ഒരു സ്ത്രീയുടെ മനുഷ്യത്വ രഹിതമായ പ്രവർത്തിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കോവിഡ് പോസിറ്റീവായെന്ന് മനസ്സിലാക്കിയ സ്ത്രീ വീട്ടിലെത്തി തനിക്ക് വന്നതല്ലേ, ഇനി കുടുംബാംഗങ്ങൾക്കും വരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് മരുമകളെയും രണ്ട് ചെറുമക്കളെയും മാറി മാറി കെട്ടിപ്പിടിക്കുകയായിരുന്നു. രോഗം അവരിലേക്ക് പകർത്താനായിരുന്നു ഇത്. രോഗബാധിതരായതിന് പിന്നാലെ മരുമകളെയും ചെറുമക്കളെയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
ജില്ലയിലെ എല്ലാറെഡ്ഡിപ്പേട്ടയിലെ തിമപൂർ ഗ്രാമമാണ് യുവതിയുടെ സ്വദേശം. മൂന്നു വർഷം മുൻപായിരുന്നു വിവാഹം. ഒരാണും പെണ്ണുമാണ് യുവതിക്കുള്ളത്. ഏഴ് മാസം മുൻപാണ് ഭർത്താവ് ഒഡീഷയിലേക്ക് ജോലി തേടി പോയത്. അവിടെ ഒരു ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയാണ്.
അഞ്ചുദിവസം മുൻപാണ് യുവതിയുടെ ഭർതൃമാതാവിന്റെ കോവിഡ് പരിശോധനാഫലം പോസ്റ്റീവായത്. ഇതറിഞ്ഞ യുവതി, വീട്ടിൽ അമ്മായി അമ്മയിൽ നിന്ന് ശാരീരിക അകലം പാലിക്കാൻ ശ്രമിച്ചു. ഇതോടെ പ്രകോപിതയായ സ്ത്രീ മരുമകളെയും കുട്ടികളെയും കടന്നുപിടിച്ച് ചേർത്തുനിർത്തി യാതൊരു ദയയുമില്ലാതെ ആലിംഗനം ചെയ്യുകയായിരുന്നു. മരുമകൾക്കും കുട്ടികൾക്കും രോഗം പകർന്നുവെന്ന് മനസിലാക്കിയതോടെ അവരെ വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു.
ഈ വിവരം അറിഞ്ഞ് യുവതിയുടെ സഹോദരി എത്തി കുട്ടികളെയും യുവതിയെയും ഗോല്ലപ്പള്ളിയിലെ വീട്ടിലെത്തിച്ച് ക്വറന്റീനില്‍ കഴിയാൻ സൗകര്യം ഒരുക്കി. അമ്മായി അമ്മ മനപൂർവം രോഗം പരത്തിയെന്ന് യുവതി പുറത്ത് പറഞ്ഞതോടെ ബന്ധുക്കളും പ്രദേശവാസികളും കർശന നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. മനപൂർവം രോഗം പരത്തുകയും വീട്ടിൽ നിന്ന് കുട്ടികളെ ഉൾപ്പെടെ ഇറക്കിവിട്ടതിലും കർശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.