കോവിഡ് ബാധിച്ച ഏക ചോലനായ്‌ക്ക വംശജന്‍ മരിച്ചു
നിലമ്പൂര്‍ മേഖലയില്‍ വസിക്കുന്ന ചോലനായ്‌ക്കരില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് വെറും ആറുപേര്‍ മാത്രമാണ്.
മലപ്പുറം: ഏഷ്യയിലെ ഏക ഗുഹാവാസികളും പ്രാക്‌തന ആദിവാസി വിഭാഗവുമായ ചോലനായ്‌ക്കരില്‍ കോവിഡ് സ്‌ഥീരികരിച്ച ഏക വ്യക്‌തി മരിച്ചു. കരുളായി ഉള്‍വനത്തിലെ പാണപ്പുഴയിലെ രവി(60) ആണ് മരിച്ചത്. നാനൂറില്‍ താഴെ മാത്രം ജനസംഖ്യയുള്ള ചോലനായ്‌ക്കരില്‍ പാണപ്പുഴ രവിക്കുമാത്രമായിരുന്നു കോവിഡ് സ്‌ഥിരീകരിച്ചത്. രണ്ടാമത് നടത്തിയ ടെസ്‌റ്റില്‍ ഇയാള്‍ കോവിഡ് നെഗറ്റീവായതിനു പിന്നാലെയാണു മരണം. ഹൃദയ സംബന്ധമായും കാലിനും അസുഖമുണ്ടായിരുന്ന രവിയെ രണ്ടുവര്‍ഷം മുമ്പാണ് ആദ്യമായി നാട്ടില്‍ ചികിത്സയ്‌ക്കെത്തിച്ചത്. കാലിന്റെ ചികിത്സയ്‌ക്കായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍പ്രവേശിപ്പിച്ച രവിക്ക് തുടര്‍ പരിശോധനയില്‍ കോവിഡ് പോസീറ്റീവായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
നിലമ്പൂര്‍ മേഖലയില്‍ വസിക്കുന്ന ചോലനായ്‌ക്കരില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് വെറും ആറുപേര്‍ മാത്രമാണ്. ജനസംഖ്യ വളരെ കുറവാണെങ്കിലും ചോലനായ്‌ക്ക വിഭാക്കാരെ കോവിഡ് പരിശോധനയ്‌ക്കെത്തിക്കുക വെല്ലുവിളിയാണ്. എല്ലാ ബുധനാഴ്‌ചയും ചോലനായ്‌ക്ക കോളനികളിലേക്ക് ആരോഗ്യവകുപ്പു പരിശോധനയ്‌ക്കു പോകുന്നുണ്ട്. ലഭ്യമായ ആളുകളുടെ കോവിഡ് ടെസ്‌റ്റും ഇവിടെ നടത്തിയിരുന്നു. മൊബൈല്‍ ഡിസ്‌പെന്‍സറി, കരുളായി പി.എച്ച്.സി, ഐ.ടി.ഡി.പി, മറ്റൊരു ആയുര്‍വേദ ഡോക്‌ടര്‍ എന്നീ നാലു വിഭാഗങ്ങളാണ് ഓരോ ആഴ്‌ചകളിലായി കോളനിയില്‍ പോകാറുള്ളത്. ലോക്ക്‌ഡൗണ്‍ കാരണം ചില ആഴ്‌ചകളില്‍ ഉദ്യോഗസ്‌ഥര്‍ക്കു സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം ചോലനായ്‌ക്ക വിഭാഗത്തില്‍ കോവിഡ് വ്യാപനമുണ്ടായാല്‍ പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നും ഉള്‍ക്കാട്ടിലും ഗുഹയിലും താമസിക്കുന്ന ഇക്കൂട്ടരെ കണ്ടെത്തുന്നതുതന്നെ വെല്ലുവിളിയാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. കോളനികളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഊരുകളിലുള്ളവര്‍ക്കു മാസ്‌കും സാനിറ്റൈസറും ഇതുവരെ കണ്ടുപരിചയംപോലും ഇല്ല. ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥര്‍ ഊരുകളിലെത്തുമ്പോള്‍ നിര്‍ബന്ധിപ്പിച്ചാണു പലരെക്കൊണ്ടും മാസ്‌കുകള്‍ ധരിപ്പിക്കുന്നത്.