മാതൃകാ വാടക നിയമത്തിന് കേന്ദ്ര അംഗീകാരം, ഡെപ്പോസിറ്റ് ഇനി രണ്ടുമാസ വാടക
താമസത്തിനല്ലെങ്കിൽ ഡെപ്പോസിറ്റ് ആറു മാസ വാടക പൂട്ടിക്കിടക്കുന്ന ഒരു കോടിയിലേറെ വീടുകൾ തുറക്കാം രജിസ്ട്രേഷന് അതോറിട്ടി, തർക്ക പരിഹാരത്തിന് കോടതി
ന്യൂഡൽഹി: താമസത്തിനുള്ള വാടകവീടിന് സെക്യൂരിറ്റി ഡെപ്പോസിറ്റ് രണ്ടുമാസത്തെ വാടകയ്ക്കു തുല്യമായ തുക മാത്രം എന്നതുൾപ്പെടെ രാജ്യത്ത് വാടകച്ചട്ടത്തിന് ഇനി ഏകീകൃത വ്യവസ്ഥ. ആൾത്താമസമില്ലാതെ പൂട്ടിയിട്ട വീടുകളും കെട്ടിടങ്ങളും ഉൾപ്പെടുത്തി, വാടകഭവന വിപണി സൃഷ്ടിക്കാൻ കൂടി ലക്ഷ്യമിടുന്ന മാതൃകാ വാടക നിയമത്തിന് (മോഡൽ ടെനൻസി ആക്ട്) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
പുതിയ ചട്ടമനുസരിച്ച്, താമസത്തിനല്ലാത്ത കെട്ടിടങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി ഡെപ്പോസിറ്റ് ആറു മാസത്തെ വാടകയ്ക്കു തുല്യമായ തുകയാണ്. കേരളത്തിൽ ഉൾപ്പെടെ പലയിടത്തും നിലവിൽ വാടകക്കെട്ടിടങ്ങളുടെ ഡെപ്പോസിറ്റ് ഇതിലുമധികമാണ്. നോട്ടീസ് നൽകിയിട്ടും ഒഴിഞ്ഞില്ലെങ്കിൽ വാടക നാലു മടങ്ങ് വരെ വർദ്ധിപ്പിക്കാനും വ്യവസ്ഥയുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാടകക്കെട്ടിടങ്ങളുടെ രജിസ്ട്രേഷന് സ്വതന്ത്ര അതോറിട്ടിയും വീട്ടുടമയും വാടകക്കാരനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതിയും സ്ഥാപിക്കണം. അതോറിട്ടി നിലവിൽ വരുത്തോടെ വീടുകൾ ഉൾപ്പെടെ വാടക കെട്ടിടങ്ങൾ നിയമാനുസൃതമാകും. വീട്ടുടമയും വാടകക്കാരനും തമ്മിൽ നല്ല ബന്ധം നിലനിർത്തുന്നതിനും ഇരുപക്ഷത്തിന്റെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി ഇവരുടെ അവകാശങ്ങളും ചുമതലകളും നിയമത്തിൽ നിർവചിച്ചിട്ടുണ്ട്.
രാജ്യത്ത് ഒരു കോടിയിലേറെ വീടുകൾ ഒഴിഞ്ഞു കിടപ്പുണ്ടെന്നാണ് കണക്ക്. പുതിയ നിയമം വരുന്നതോടെ, ഇവയെ സ്വകാര്യ പങ്കാളിത്തമുള്ള ബിസിനസ് സംരംഭമാക്കി മാറ്റാനാകും. ഏതു വരുമാനക്കാർക്കും താങ്ങാവുന്ന നിരക്കിൽ താമസം ലഭ്യമാക്കാം. വാടക വിപണിയിലേക്ക് കൂടുതൽ നിക്ഷേപം എത്തുന്നതിലൂടെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കേന്ദ്ര നഗരവികസന മന്ത്രാലയം 2019- ലാണ് പുതിയ വാടക നിയമം ആവിഷ്കരിച്ചത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പുതിയ ചട്ടങ്ങൾ ഉൾപ്പെടുത്തി നിയമങ്ങൾ പരിഷ്‌കരിക്കണം.
വാടകയിലെ വ്യവസ്ഥകൾ
- ഉടമയും വാടകക്കാരനും തമ്മിൽ നിയമസാധുതയുള്ള കരാർ
- കരാറിൽ വ്യവസ്ഥ ചെയ്‌ത് വാടക കൂട്ടാനാകും
- മൂന്നു മാസം മുൻപ് നോട്ടീസ് നൽകിയും വാടക കൂട്ടാം
- വാടകക്കാരൻ കരാർ ലംഘിച്ചാൽ ഒഴിപ്പിക്കാൻ വ്യവസ്ഥകൾ
- നിശ്‌ചിത സമയത്തിനകം ഒഴിയുന്നില്ലെങ്കിൽ വാടക കൂട്ടാം
- രണ്ടു മാസത്തേക്ക് ഇരട്ടിയും, ശേഷം നാലു മടങ്ങും ഈടാക്കാം
- വാണിജ്യ, വിദ്യാഭ്യാസ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്കും ബാധകം
- വ്യവസായ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് നിയമം ബാധകമല്ല
- ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവയും നിയമ പരിധിയിൽ വരില്ല