ജില്ലയിൽ കോവിഡ് വാക്സിനേഷൻ ഊർജിതപ്പെടുത്തുന്നതിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കി.

ഹജ്ജ്, വിദേശത്തു പോകേണ്ടവർ, രണ്ടാം ഡോസിന്റെ സമയം കഴിഞ്ഞവർ എന്നിവർക്ക് മുൻഗണന നൽകും.

ജില്ലയിലെ കോവിഡ് വാക്സിനേഷൻ ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിലും സുഗമമായും ലഭിക്കുന്നതിനുവേണ്ടി കർമപദ്ധതി തയ്യാറാക്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗ തീരുമാനപ്രകാരം ആരോഗ്യവകുപ്പ് പ്രത്യേക കർമപദ്ധതി തയ്യാറാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

നിലവിൽ ജില്ലയിൽ വാക്സിനേഷൻ നൽകിയിരുന്നത് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് , കുത്തിവെപ്പ് കേന്ദ്രവും തീയതിയും ലഭിച്ചവർക്ക് ആയിരുന്നു. ഇത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയും, അലോട്മെന്റ് കിട്ടാതെ വരികയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ വാക്സിനേഷൻ ലഭിക്കേണ്ടവർ അതത് പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളേയോ, അല്ലെങ്കിൽ അവർ നിശ്ചയിക്കുന്ന കുത്തിവെപ്പ് കേന്ദ്രങ്ങളെയോ സമീപ്പിക്കേണ്ടതാണ്. ഈ കേന്ദ്രങ്ങളിൽ വെച്ച് അവരുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് അവർക്ക് വാക്സിൻ നൽകുന്നതായിരിക്കും..

വാർഡ് തല ആർ ആർ ടി മാർ മുഖാന്തരം അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ പൊതുജനങ്ങൾ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് പോകാൻ പാടുള്ളൂ. എല്ലാവരും കൂട്ടത്തോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നത് കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനിടയാക്കും എന്നതിനാലാണ് ഈ ക്രമീകരണം. വാക്സിനേഷൻ ലഭിക്കേണ്ട വിവിധ വിഭാഗത്തിൽ പെട്ടവരെ ആർ ആർ ടി മാർ വിവരം അറിയിക്കും. ഇതിനാവശ്യമായ നിർദേശങ്ങൾ ആരോഗ്യവകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. ഹജ്ജ്,വിദേശത്തു പോകേണ്ടവർ, രണ്ടാം ഡോസിന്റെ സമയം കഴിഞ്ഞവർ എന്നിവർക്ക് മുൻഗണന നൽകും.

ജില്ലയിൽ 116 സ്ഥാപനങ്ങളിലായി വിവിധ മുൻഗണന വിഭാഗങ്ങൾക്കായുള്ള 1,24,760 ഡോസ് വാക്സിൻ ആണ് ഉള്ളത്. ഇതിൽ 75,960 ഡോസുകൾ 44 വയസ്സിനു താഴെ ഉള്ളവർക്ക് നല്കുന്നതിനായും, 48,800 ഡോസ് 44 വയസിനു മേൽ പ്രായം ഉള്ളവർക്കും നൽകുന്നതിന് വേണ്ടിയുള്ളതാണ്.

പുതിയ കർമപദ്ധതി അനുസരിച്ച് 106 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പഞ്ചായത്തുകളിൽ ദിവസം 400 പേർക്ക് വീതവും നഗരസഭകളിൽ ദിവസം 800 പേർക്ക് വീതവും ക്യത്തിവെപ്പ് നൽകുന്നതിനായി അടുത്ത ഒരാഴ്ച കാലത്തെക്കുള്ള വാക്സിനു വേണ്ടിയുള്ള ഇന്റൻറ് നൽകിയതായും ഡി എം ഒ ഡോ. കെ സക്കീന അറിയിച്ചു.