ഒരു മരം നല്‍കുന്നത് നിരവധി ജീവനുകള്‍ക്കുള്ള ജീവശ്വാസം: ഡോ. കെ.ടി ജലീല്‍

സാമൂഹിക വനവത്ക്കരണ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി

ഒരു മരം നടുന്നതിലൂടെ നിരവധി ജീവനുകള്‍ക്ക് ശ്വസിക്കാനുള്ള വായുവാണ് നല്‍കുന്നതെന്ന് തവനൂര്‍ നിയോജകമണ്ഡലം എം.എല്‍.എ. ഡോ. കെ.ടി. ജലീല്‍. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹിക വനവത്കരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആലത്തിയൂര്‍ ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു എം.എല്‍.എ. ഓക്സിജന്റെ വില അനുഭവിച്ചറിഞ്ഞ ഈ കോവിഡ് കാലഘട്ടത്തില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുന്നതിലൂടെ മര്‍മ്മ പ്രധാനമായ ദൗത്യത്തിനാണ് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

വനം വകുപ്പിന്റെ കേരള സോഷ്യൽ ഫോറസ്ട്രി മലപ്പുറം ഡിവിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ കോ-ഒപ്പറേറ്റീവ് ഹോസ്പിറ്റലിൽ വച്ചു തവനൂർ എം.എൽ.എ കെ.ടി ജലീൽ നിർവഹിക്കുന്നു

കേരള വനം-വന്യജീവി വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി മലപ്പുറം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയുടെ ഭാഗമായി എം.എല്‍.എയും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശുപത്രി പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലെ ജീവനക്കാരുടെ വിഹിതമായ 50,000 യുടെ ചെക്ക് ചടങ്ങില്‍ എം.എല്‍.എ ഏറ്റുവാങ്ങി.

തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ശാലിനി അധ്യക്ഷയായിരുന്നു. വൈസ്പ്രസിഡണ്ട് അബ്ദുല്‍ ഫുക്കാര്‍, വാര്‍ഡ് മെമ്പര്‍ ഫാബിമോള്‍, സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ വി. സജികുമാര്‍, ആലത്തിയൂര്‍ ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. ശിവദാസന്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. അബ്ദുല്‍ സമദ്, ആശുപത്രി ഡയറക്ടര്‍മാരായ പി.വി. അബ്ദുള്‍ ഹയ്യ്, ബാവക്കുട്ടി, ആശുപത്രി എം.ഡി ഷുഹൈബ് അലി എന്നിവര്‍ പങ്കെടുത്തു.