മലപ്പുറം ജില്ലയില്‍ വിധോദ്ദേശ ചുഴലിക്കാറ്റ് അഭയകേന്ദ്രം യാഥാര്‍ഥ്യമായി

പൊന്നാനിയില്‍ ആരംഭിച്ച കേന്ദ്രം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു

പൊന്നാനി താലൂക്കില്‍ നിര്‍മിച്ച വിവിധോദ്ദേശ ചുഴലിക്കാറ്റ് അഭയകേന്ദ്രം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ജില്ലക്ക് സമര്‍പ്പിച്ചു. ദുരന്ത വേളകളില്‍ സാധാരണക്കാര്‍ക്ക് അഭയമായി പുതിയ കേന്ദ്രം വര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയാണ് ജനപ്രതിനിധികളെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യം. ഈ തിരിച്ചറിവോടെ അഭയ കേന്ദ്രം നിലനിര്‍ത്താനാകണം. തീരദേശ സംരക്ഷണത്തിനും വികസനത്തിനുമുള്ള പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമാണ് പുതിയ സര്‍ക്കാറിന്റെ ബജറ്റില്‍ നല്‍കിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ദുരിതമുണ്ടായാല്‍ അതിനെ നേരിടാനും ജനങ്ങളെ രക്ഷിക്കാനും അതിന്റെ ആഘാതം പരമാവധി സമൂഹത്തിന്റെ മുമ്പില്‍ എത്താതിരിക്കാനുമുള്ള പൊതുപരിരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാലപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്താണ് 3.08 കോടി രൂപ ചെലവഴിച്ച് വിവിധോദ്ദേശ ചുഴലിക്കാറ്റ് അഭയകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ മഹാദുരന്തങ്ങളാല്‍ ദുരിതമനുഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് ദുരന്ത കാലത്ത് പ്രയാസരഹിതമായ ജീവിതത്തിനും ആശ്വാസത്തിനും വേണ്ടി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ലോകബാങ്ക് സഹായത്തോടെ ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അഭയകേന്ദ്രം ഒരുക്കിയിരിക്കുന്നത്. മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന് 735 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണുള്ളത്.

താഴത്തെ നിലയില്‍ ഡൈനിംഗ് റൂം, അടുക്കള, സ്റ്റോര്‍, ജനറേറ്റര്‍ റൂം, ഇലക്ട്രിക്കല്‍ റൂം, ഭിന്നശേഷിക്കാര്‍ക്കുള്ള ടോയ്‌ലെറ്റ്, കുളിമുറി, പൊതു ശുചിമുറി എന്നിവയും ഒന്ന്, രണ്ട് നിലകളില്‍ താമസാവശ്യത്തിനായി ഡോര്‍മെറ്ററികള്‍, ശുചിമുറി സംവിധാനങ്ങളോടു കൂടിയ സിക്ക് റൂം, പൊതു ശുചിമുറികള്‍, കുളിമുറികള്‍, വസ്ത്രങ്ങള്‍ കഴുകുന്നതിനുള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

മുകളിലത്തെ നിലകളിലേക്ക് പ്രവേശനത്തിനായി രണ്ട് ഗോവണികളുമുണ്ട്. ജല ലഭ്യതക്കായി കുഴല്‍ക്കിണര്‍, ജല സംഭരണി, മഴവെള്ള സംഭരണി, റാംപ് എന്നീ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തീരദേശത്തെ അടിയന്തിര സാഹചര്യങ്ങളില്‍ വൃത്തിയും സൗകര്യങ്ങളുമുള്ള സംവിധാനത്തില്‍ ജനങ്ങളെ താമസിപ്പിക്കാന്‍ ഒരു കേന്ദ്രം ഒരുക്കണമെന്ന മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

ചടങ്ങില്‍ പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീക്ക, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, തഹസില്‍ദാര്‍ ടി.എന്‍. വിജയന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.