കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ മലപ്പുറം ജില്ലയിൽ പത്ത് പേർ അറസ്റ്റിൽ
മലപ്പുറം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയുള്ള ഓപറേഷൻ പി ഹണ്ടിൻ്റെ ഭാഗമായി ജില്ലയിൽ പത്ത് പേർ അറസ്റ്റിലാവുകയും, വിവിധ സ്റ്റേഷൻ പരിധിയിലായി 50 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ജില്ലയിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റിലായതെന്ന് ജില്ല പൊലീസ് മേധാവി സുജിത് ദാസ് അറിയിച്ചു. 63 ഇടങ്ങളിലായിരുന്നു പരിശോധന. ഇതിൽ 50 കേസുകൾ രജിസ്റ്റർ ചെയ്തു. 40 മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഇവ തുടർപരിശോധനക്കായി അയച്ചിട്ടുണ്ട്.
വ്യക്തമായ തെളിവുകളുള്ള പത്ത് കേസുകളിലാണ് അറസ്റ്റ് നടന്നത്. ഇവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരവും ഐ.ടി ആക്ട് പ്രകാരവുമാണ് കേസ് എടുത്തത്. തേഞ്ഞിപ്പലം, പൊന്നാനി സ്റ്റേഷനുകളിൽ രണ്ട് വീതവും തിരൂരങ്ങാടി, പെരുമ്പടപ്പ്, നിലമ്പൂർ, മങ്കട, കോട്ടക്കൽ, കാളികാവ് സ്റ്റേഷനുകളിൽ ഓരോ അറസ്റ്റുമാണ് നടന്നത്.നിലമ്പൂരിൽ അറസ്റ്റിലായത് പശ്ചിമബംഗാൾ സ്വദേശിയാണ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈമാറുന്ന വെബ്സൈറ്റുകളിൽ കയറിയ ഫോണുകളാണ് പിടിച്ചെടുത്തത്. മലപ്പുറം സ്റ്റേഷനിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കാവുങ്ങൽ, മേൽമുറി സ്വദേശികളുടെ മൊബെൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു.ഇവർ സ്ഥിരമായി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈമാറുന്ന സൈറ്റുകളിൽ കയറുന്നവരാണെന്ന സൈബർ സെല്ലിൻ്റെ കണ്ടെത്തലിനെ തുടർന്നാണ് ഫോൺ പിടികൂടിയത്. മഞ്ചേരിയിൽ നാല് കേസെടുത്തു. എടക്കര പൊലീസും രണ്ട് മൊബൈല്‍ ഫോൺ പിടിച്ചെടുത്തു. മെബൈല്‍ ഫോണ്‍ ഇത്തരം കാര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ ഇവർക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യും.
കുട്ടികളുടെ പോണ്‍ സൈറ്റുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരെയും നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും മെബൈലില്‍ സൂക്ഷിക്കുകയും ചെയ്യുന്നവരെ ഹൈടെക് സെല്‍ നിരീക്ഷിച്ചശേഷം ഇത്തരക്കാരുടെ വിവരങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറും.