സൗദിയിലേക്ക് നേരിട്ടുള്ള യാത്ര സൗകര്യം ഏർപ്പെടുത്തണം- ഇ. ടി
യാത്ര ചെയ്യുന്നവർക്ക് എയർപ്പോർട്ടിൽ തന്നെ കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു
കോവിഡ് പ്രതിസന്ധി മൂലം മടങ്ങിപോകാൻ സാധിക്കാത്ത പ്രവാസികൾക്ക് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള യാത്ര സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി.മുഹമ്മദ് ബഷീർ എം.പി കേന്ദ്ര വിദേശ കാര്യ മന്ത്രിക്ക് കത്തയച്ചു.
ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ബഹ്റൈൻ, നേപ്പാൾ മാലി ദ്വീപ് തുടങ്ങിയ രാജ്യങ്ങൾ വഴിയായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാൽ ഈ രാജ്യങ്ങൾ എല്ലാം തന്നെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിതിനാൽ പ്രവാസികൾ പ്രതിസന്ധിയിലാണ്. നേപ്പാൾ വഴി സൗദിയിലേക്ക് പോകാൻ യാത്ര തിരിച്ച മലയാളികൾ ഉൾപ്പെടെ ഉള്ളവർ പലരും ഇപ്പോഴും നേപ്പാളിൽ കുടുങ്ങി കിടക്കുകയാണ്. ഇവരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം എന്നാവശ്യപെട്ടു കഴിഞ്ഞ ദിവസം എം.പി വിദേശ കാര്യ മന്ത്രിക്ക് കത്ത് അയച്ചിരുന്നു.
സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ക്വാറന്റൈൻ സംവിധാനം ഉള്ളതിനാൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.പി കത്തിൽ ആവശ്യപെട്ടു. ഇത്തരത്തിൽ യാത്ര ചെയ്യുന്നവർക്ക് എയർപ്പോർട്ടിൽ തന്നെ കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു