കൊവിഡ് ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനും സാരമായ കേടുപാടുണ്ടാക്കുമെന്ന് കണ്ടെത്തൽ; ബുദ്ധിശക്തിക്ക് കേട് വരുത്തും, പ്രശ്‌നമൊഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്

ന്യൂയോർക്ക്: കൊവിഡ് രോഗം ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണെന്നാണ് പൊതുവിൽ പറയാറുള‌ളതെങ്കിലും രോഗം ശരീരത്തിന്റെ മ‌റ്റ് ഭാഗങ്ങളിലും ഗുരുതരമായി മാ‌റ്റം വരുത്തുമെന്ന് കണ്ടെത്തൽ. ശ്വാസകോശത്തിമ് മാത്രമല്ല തലച്ചോറിനും കൊവിഡ് സാരമായ പ്രശ്‌നം വരുത്തും. ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗമായ ഗ്രേ മാ‌റ്ററിനെ ചുരുക്കാൻ കൊവിഡിന് കഴിയുമെന്നാണ് നാഡീരോഗ വിദഗ്ദ്ധർ പറയുന്നത്.

കൊവിഡ് രോഗം രൂക്ഷമായി പനിയും ഓക്‌സിജൻ തെറാപ്പിയും വേണ്ടിവന്നവർക്ക് ഗ്രേ മാ‌റ്റ‌ർ സ്ഥിതിചെയ്യുന്ന തലച്ചോറിന്റെ മുൻഭാഗം കാര്യമായി ചുരുങ്ങിയിരിക്കുന്നത് സ്‌കാനിംഗിൽ കണ്ടെത്താനായി. ജോർജിയ യൂണിവേഴ്‌സി‌റ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. പഠനം ന്യൂറോബയോളജി ഓഫ് സ്‌ട്രെസ് എന്ന മെഡിക്കൽ പ്രസിദ്ധീകരണത്തിൽ അച്ചടിച്ചുവന്നിട്ടുണ്ട്.

‘ഏറെനാൾ ഓക്‌സിജൻ തെറാപ്പി വേണ്ടവർക്കും വെന്റിലേ‌റ്ററിൽ കഴിഞ്ഞവ‌ർക്കും ഭാവിയിൽ നാഡീസംബന്ധമായ പ്രശ്‌നങ്ങൾ കൂടുതലായി ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.’ വോക്‌ഹാർട്ട് ആശുപത്രിയിലെ നാഡീരോഗ വിദഗ്ദ്ധനായ ‌ഡോ.പവൻ പൈ പറയുന്നു.

വിവരങ്ങൾ ക്രോഡീകരിക്കുന്നതിനും, ഓർമ്മ, ചലനശേഷി, വികാരങ്ങൾ എന്നിവയുടെ നിയന്ത്രണ കേന്ദ്രമാണ് ഗ്രേ മാ‌റ്ററുകൾ. ഇവ നേരാംവണ്ണം പ്രവർത്തിക്കാതെ വരുന്നത് കുഴപ്പങ്ങൾ സൃഷ്‌ടിക്കാം. മുൻപ് രക്താതിസമ്മ‌ർദ്ദവും, അമിതവണ്ണവും തലച്ചോറിന് മ‌റ്റ് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നവർക്ക് ഇത് പ്രശ്‌നങ്ങൾ തീർച്ചയായം വരുത്താമെന്ന് പറയുന്നു പദ്‌മശ്രീ അവാർഡ് വിജയിയായ ഡോ.ബി.എൻ ഗംഗാധർ‌.

‘ഗ്രേമാ‌റ്റ‌ർ തലച്ചോറിൽ പൊതുവിൽ കുറഞ്ഞവർക്ക് കടുത്ത മൂഡ് വ്യതിയാനങ്ങളും ഉൽകണ്‌ഠാ രോഗങ്ങളും ഉണ്ടാകാം. ഈ അവസ്ഥയാകും കൊവിഡ് വന്നുപോയവർക്ക്.’ ഡോ.ബി.എൻ ഗംഗാധർ പറയുന്നു. അസാധാരണ ലക്ഷണങ്ങൾ കാണുന്നവർ ഉടൻ ഡോക്‌ടറെ കാണണമെന്നാണ് ഡോ. പൈ ഇതെക്കുറിച്ച് പറയുന്നത്.

‘തലച്ചോറിനുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പരമാവധി സ്‌ട്രെസ് കുറയ്‌ക്കുക, രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുക, പസിലുകൾ പോലുള‌ളവ ഉപയോഗിച്ച് തലച്ചോറിന്റെ ശക്തി വർദ്ധിപ്പിക്കുക, പ്രൊട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുക രാത്രിയിൽ 8 മുതൽ 9 മണിക്കൂർ വരെ സുഖമായി ഉറങ്ങുക ഇവയാണ് മാ‌ർഗം.’ ഡോ.പൈ പറയുന്നു.

ഗുരുതരമായ രോഗം ബാധിച്ച 15 ശതമാനം കൊവിഡ് രോഗികൾക്കും നാ‌ഡീസംബന്ധമായ പ്രശ്‌നമുണ്ടാകാമെന്ന് വിദഗ്ദ്ധർ പറയുന്നു. ഉറക്കമില്ലായ്‌മ, ഉപാപചയ പ്രവ‌ർത്തന തകരാറ്, ഹൃദയാഘാതം, ഗന്ധവും രുചിയും അറിയാത്ത അവസ്ഥ, പേശി വേദന എന്നിവ കൊവി‌ഡിന്റെ സാധാരണ ലക്ഷണമാണ്. അപസ്‌മാരം പോലെയുള‌ളവ രോഗം രൂക്ഷമായാൽ ഉണ്ടാകും.