ഇന്ത്യ-കുവൈത്ത് മന്ത്രിതല ചർച്ചയിൽ പ്രവാസികൾക്ക് പ്രതീക്ഷ
കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാർഷികാഘോഷത്തിന്റെ ലോഗോ കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹിന് കൈമാറി
കുവൈത്ത് സിറ്റി: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ സന്ദർശനം കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നു. പ്രവാസികൾ അനുകൂല തീരുമാനം ആഗ്രഹിക്കുന്ന നിരവധി വിഷയങ്ങൾ ഉണ്ട്. യാത്രാവിലക്ക് നീക്കി നാട്ടിലേക്കും തിരിച്ചുമുള്ള സഞ്ചാരം സാധ്യമാക്കുകയെന്നത് തന്നെയാണ് ഏറ്റവും പ്രധാനം. അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാത്ത ആയിരങ്ങളാണ് മാസങ്ങളായി ജോലിയും വരുമാനവും ഇല്ലാതെ പ്രയാസപ്പെടുന്നത്.
നിരവധി പേരുടെ ഇഖാമ കാലാവധി കഴിഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട് അടിയന്തരമായി എത്തേണ്ടതുള്ളവരും ഇഖാമ കാലാവധി കഴിയാനായവരും നിരവധിയാണ്. ഓൺലൈനായി പുതുക്കാൻ അവസരമുണ്ടെങ്കിലും കമ്പനി വഴങ്ങാത്തതും കമ്പനിയുടെ പേപ്പറുകൾ കൃത്യമല്ലാത്തതും ഉൾപ്പെടെ കാരണങ്ങളാൽ പലർക്കും ഇത് സാധിക്കുന്നില്ല. രണ്ടും മൂന്നും വർഷമായി അവധിയെടുത്ത് നാട്ടിൽ പോകാൻ കഴിയാത്ത നിരവധി പേർ ഇവിടെയുമുണ്ട്. ജോലി ഭാരവും ദീർഘനാളായി കുടുംബത്തെ വിട്ടുനിൽക്കുന്നതും കോവിഡ് സാഹചര്യങ്ങളും കാരണം കനത്ത മാനസിക സമ്മർദ്ദമാണ് മിക്കവാറും പേർ അനുഭവിക്കുന്നത്.
ഗൾഫിലെ പ്രവാസികളുടേത് ഉൾപ്പെടെ ബിസിനസ് സംരംഭങ്ങളും പ്രതിസന്ധിയിൽനിന്ന് കരകയറണമെങ്കിൽ വിമാനസർവിസുകൾ സജീവമാകണം. പ്രവാസികളുടെ നാട്ടിൽ പോക്കുമായി ബന്ധപ്പെട്ടാണ് മൊബൈൽ ഫോൺ, വാച്ചുകൾ, കളിപ്പാട്ടങ്ങൾ, ചോക്കലേറ്റുകൾ, മിഠായികൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി കച്ചവടങ്ങൾ. ഇവയെല്ലാം മാന്ദ്യത്തിലാണ്. വാക്സിനേഷനുമായി ബന്ധപ്പെട്ടും അനുകൂല തീരമുണ്ടാകേണ്ടതുണ്ട്.
ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾക്ക് കുവൈത്തിന്റെ അംഗീകാരം വാങ്ങിയെടുക്കണം. കുവൈത്ത് ഫൈസർ, ആസ്ട്രസെനക, ജോൺസൻ ആൻഡ് ജോൺസൻ, മോഡേണ എന്നീ വാക്സിനുകൾ മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. കോവിഷീൽഡും ആസ്ട്രസെനകയും ഒന്നുതന്നെയായതിനൽ ഇത് ബോധ്യപ്പെടുത്താൻ എളുപ്പമാണ്. കഴിഞ്ഞ ദിവസം സൗദി ഇത് അംഗീകരിച്ചിരുന്നു. എൻജിനീയർമാരുടെ അക്രഡിറ്റേഷൻ പ്രശ്നം, തൊഴിലാളി റിക്രൂട്ട്മെൻറ് തുടങ്ങിയ വിഷയങ്ങളിലും കുവൈത്ത് അധികൃതരുമായി ചർച്ച നടത്തി പ്രവാസികൾക്ക് അനുകൂലമായ തീരുമാനമെടുപ്പിക്കാൻ മന്ത്രി ഡോ. എസ്. ജയശങ്കറിന് കഴിയുമെന്നാണ് പ്രതീക്ഷ. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഊഷ്മള ബന്ധം ഇതിന് കരുത്താകും.