സംസ്ഥാനത്ത് ആകെ ജനസംഖ്യയുടെ 25%പേർക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രി
ഏറ്റവുമധികം വാക്‌സിന്‍ നല്‍കിയത് തിരുവനന്തപുരത്താണ്. 10,08,936 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 2,81,828 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും ഉള്‍പ്പെടെ 12,90,764 ഡോസ് വാക്‌സിനാണ് തിരുവനന്തപുരം ജില്ലയില്‍ നല്‍കിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് 19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 87,52,601 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 22,09,069 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 2011ലെ സെന്‍സസ് അനുസരിച്ച് 26.2 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 6.61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
ഏറ്റവുമധികം വാക്‌സിന്‍ നല്‍കിയത് തിരുവനന്തപുരത്താണ്. 10,08,936 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 2,81,828 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും ഉള്‍പ്പെടെ 12,90,764 ഡോസ് വാക്‌സിനാണ് തിരുവനന്തപുരം ജില്ലയില്‍ നല്‍കിയത്. കോവിഡ് മൂന്നാം തരംഗത്തെ നേരിടാനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വാക്‌സിനേഷന്‍ ടീമിന്റെ അവലോകന യോഗം നടത്തി. വാക്‌സിന്‍ ലഭ്യമാക്കുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
സംസ്ഥാനത്തിനാകെ ഇതുവരെ 1,05,13,620 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 7,46,710 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 9,44,650 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 96,29,330 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ലഭ്യമാകുമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 1,41,909 പേരാണ് കഴിഞ്ഞ ദിവസം വാക്‌സിന്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് ജനുവരി 16 നാണ് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം മുന്‍ഗണനാക്രമം അനുസരിച്ചാണ് വാക്‌സിന്‍ നല്‍കി വരുന്നത്. ഇപ്പോള്‍ 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി വരുന്നു. ഇതോടൊപ്പം കോവിഡ് മുന്നണി പോരാളികള്‍, അനുബന്ധ രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍ തുടങ്ങിയ 18നും 45നും ഇടയ്ക്ക് പ്രായമുള്ള 56 വിഭാഗങ്ങളിലുള്ളവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കി വരുന്നു. വിദേശ രാജ്യങ്ങളില്‍ പോകുന്നവരേയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.