‘രോഗവ്യാപനം കുറഞ്ഞുവരുന്നു’; കൊവിഡ് രണ്ടാം തരംഗത്തിൽ നിന്നും കേരളം പതുക്കെ മോചനം നേടുകയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞുവരുന്നതായും രണ്ടാം തരംഗത്തിൽ നിന്നും കേരളം പതുക്കെ മോചനം നേടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ സഹകരിച്ചതുകൊണ്ടാണ് സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഭീതിയിൽ നിന്നും നാം മുക്തരാകുകയാണ്.
രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ആശുപത്രികളിലെ തിരക്ക് കുറഞ്ഞു. മുഖ്യമന്ത്രി പറയുന്നു. അതേസമയം, കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ലെന്നും മൂന്നാം തരംഗത്തിനിടയിലെ ഇടവേള ദീർഘിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗൺ നീട്ടിയത് അതിനാൽ ആണ്. അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 13.19 ശതമാനമാണ്. ഇത് 10 ശതമാനത്തിൽ താഴേ എത്തിക്കുകയെന്നതാണ് ലക്ഷ്യം. അപകട നിരക്ക് കൂടുതൽ ഉള്ള ഡെൽറ്റ വൈറസ് ആണ് കേരളത്തിൽ കൂടുതൽ ഉള്ളത്. ശനി, ഞായർ പൂർണ ലോക്ക്ഡൗൺ ഉണ്ടാകും. ജനങ്ങൾ സഹകരിക്കണം. സംസ്ഥാനത്ത് രണ്ട് ദിവസത്തെക്കുള്ള വാക്സിൻ മാത്രമാണ് അവശേഷിക്കുന്നതെന്നും 20 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചെറിയ കൂടിച്ചേരലുകൾ ഒഴിവാക്കണം. ഒരുമിച്ചിരുന്നു ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. വാക്സിൻ എടുത്തവരും ശ്രദ്ധ പുലർത്തണം. മൂന്നാം തരംഗത്തിൽ കുട്ടികൾക്ക് രോഗം ബാധിക്കുമോ എന്ന ആശങ്ക വേണ്ട. മൂന്നാം തരംഗത്തിനായി സർക്കാർ ഒരുങ്ങുന്നു. യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ തുടങ്ങി കഴിഞ്ഞു. മുഖ്യമന്ത്രി അറിയിക്കുന്നു.