തവനൂർ നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ പഠന സൗകര്യത്തിലേയ്ക്ക് കുതിക്കുന്നു.

തവനൂർ: തുടർച്ചയായ രണ്ടാം വർഷവും സ്ക്കൂൾ പഠനം ഓൺലൈനിൽ ആരംഭിച്ച പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന വലിയ പ്രശ്നമായ ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കുന്നതിന് തവനൂർ നിയോജകമണ്ഡലത്തിൽ ബഹു: കെ .ടി.ജലീൽ എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ മുഴുവൻ കുട്ടികൾക്കും സൗകര്യമൊരുക്കാനുള്ള വഴി തുറന്നു.

തിരുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.സൈനുദ്ധീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.സി.പി കുഞ്ഞുട്ടി പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.സി.ഒ ശ്രീനിവാസൻ , തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശാലിനി ,ജില്ലാ ഡിവിഷൻ മെമ്പർ ശ്രീ.അഫ്സൽ ഇ,തിരുർ വിദ്യാഭ്യാസജില്ലാ ഓഫിസർ ശ്രീ.രമേശൻ മാസ്റ്റർ, തിരുർ എ.ഇ.ഒ ചുമതലയുള്ള ശ്രീ.സൈനുദ്ദീൻ ,വിദ്യാലയങ്ങളിലെ പ്രധാനധ്യാപകർ, പി.ടി.എ പ്രസിഡൻ്റ്മാർ, ബി.ആർ.സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ബഹു: എം.എൽ.എ. തൻ്റെ നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകൾക്കും 15 വീതം സ്മാർട്ട് ഫോൺ നൽകാം എന്ന വാഗ്ദാനം എല്ലാവരെയും ആവേശഭരിതരാക്കി.ഇതേ മാതൃകയിൽ എല്ലാ പഞ്ചായത്ത് പ്രസിഡൻറും മാരും വാർഡ് മെമ്പർമാരും പി.ടി.എ പ്രസിഡൻ്റ്മാരും, സ്ക്കൂൾ അധ്യാപകരും നിശ്ചിത എണ്ണം സ്വന്തം നിലയ്ക്കോ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയോ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇതിലൂടെ എത്രയും വേഗത്തിൽ തവനൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ കുട്ടികൾക്കും പഠന സൗകര്യം ഉറപ്പു വരുത്തുന്നതിന് തിരുമാനിച്ചു.

ഇത് കൂടാതെ വീട്ടിൽ വൈദ്യുതി ഇല്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ അത് ലഭ്യമാക്കാനും നെറ്റ് കണക്ടിവിറ്റി കുറവുള്ള സ്ഥലങ്ങളിൽ തല്പരകക്ഷികളുടെ യോഗം വിളിച്ച് അവ പരിഹരിക്കാനും തീരുമാനിച്ചു.

യോഗത്തിൽ തിരുർ ഡി.ഇ.ഒ വ്യക്തമായ തുടർപ്രവർത്തന മാർഗ്ഗരേഖ അവതരിപ്പിച്ചു.തിരുർ ഉപജില്ലാ ചുമതല വഹിക്കുന്ന ശ്രീ.സൈനുദ്ദീൻ സ്വാഗതവും ബി.ആർ.സി കോ-ഓഡിനേറ്റർ ശ്രീ. വ്യാസ് ഭട്ട് നന്ദിയും പറഞ്ഞു.