‘മുത്തുമണികളേ, മിന്നുന്നതെല്ലാം പൊന്നല്ല’; വ്യാജ പ്രൊഫൈൽ വഴി കടം ചോദിക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്

ഫേസ്‌ബുക്കിൽ നമ്മളറിയാതെ നമ്മുടെ വ്യാജ പ്രൊഫൈൽ സൃഷ്‌ടിച്ച് പണം കടം ചോദിച്ച് പറ്റിപ്പ് നടത്തുന്ന സംഘങ്ങളുടെ വാർത്ത ഇടക്കിടെ ഇപ്പോൾ കേൾക്കുന്നുണ്ട്. ആദ്യമാദ്യം സമൂഹത്തിൽ വലിയ പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പേരിലായിരുന്നെങ്കിൽ ഇപ്പോൾ നിരവധി പേരുടെ പ്രൊഫൈൽ സൃഷ്‌ടിച്ച് ഇത്തരം തട്ടിപ്പ് നടത്തുന്നതായി പരാതികളും വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ഇത്തരം തട്ടിപ്പിന് ഇരയാകരുതെന്നും അങ്ങനെ ആരെങ്കിലും ഫേസ്‌ബുക്കിലൂടെ ചോദിച്ചാൽ അവരുമായി ഫോണിൽ സംസാരിച്ച് കാര്യങ്ങളറിയണമെന്നും ജനങ്ങൾക്ക് അവബോധവുമായി എത്തിയിരിക്കയാണ് ഇപ്പോൾ പൊലീസ്. ഫേസ്‌ബുക്കിലെ കേരളാ പൊലീസ് ഔദ്യോഗിക പേജിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന മുന്നറിയിപ്പ് നൽകിയാണ് പൊലീസ് ഈ വിവരം അറിയിക്കുന്നത്.

പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂ‌ർണരൂപം ചുവടെ:

 

മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല!

 

നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് ഫ്രണ്ട് റിക്വസ്‌റ്റ് ചോദിക്കുകയും , തുടർന്ന് പണം കടം ചോദിക്കുന്നതുമായ തട്ടിപ്പ് അരങ്ങേറുന്നുണ്ട് . തട്ടിപ്പിനിരയാകാതിരിക്കുവാൻ ശ്രദ്ധിക്കുക . അങ്ങനെ ആരെങ്കിലും ചോദിച്ചാലോ , ശ്രദ്ധയിൽപ്പെട്ടാലോ പരസ്‌പരം ഫോണിൽ വിളിച്ച് അറിയിക്കുക.