രാമേശ്വരത്തേക്ക് ആയുധങ്ങളുമായി തീവ്രവാദി സംഘം എത്തുന്നെന്ന് റിപ്പോർട്ട്; കേരള തീരത്തും ജാഗ്രതാ നിർദ്ദേശം
ആയുധങ്ങളുമായി തീവ്രവാദികളുടെ സംഘം രാമേശ്വരം തീരത്തേക്ക് ബോട്ടിൽ പുറപ്പെട്ടതായാണ് രഹസ്യാന്വേഷണ ഏജൻസിക്ക് ലഭിച്ച വിവരം.
തിരുവനന്തപുരം: തമിഴ്നാട് തീരത്ത് തീവ്രവാദ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള തീരത്തും ജാഗ്രതാ ശക്തമാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ. ശ്രീലങ്കയിൽ നിന്നും രാമേശ്വരത്തേക്ക് സായുധ സംഘം നുഴഞ്ഞുകയറാൻ ശ്രമിക്കുന്നെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെ തുടർന്നാണ് തമിഴ്നാട് തീരത്ത് സുരക്ഷ ശക്തമാക്കിയത്.
രാമേശ്വരം തീരത്ത് തീവ്രവാദികൾ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. തമിഴ്‌നാട് പൊലീസിനു പുറമെ കേന്ദ്ര ഏജൻസികളും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലാണ് കനത്ത ജാഗ്രത തുടരുന്നത്. ആയുധങ്ങളുമായി തീവ്രവാദികളുടെ സംഘം രാമേശ്വരം തീരത്തേക്ക് ബോട്ടിൽ പുറപ്പെട്ടതായാണ് രഹസ്യാന്വേഷണ ഏജൻസിക്ക് ലഭിച്ച വിവരം. ഇതു സംബന്ധിച്ച കൂടുതൽ വിശദാശംങ്ങൾ സുരക്ഷാ വിഭാഗം പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം മംഗലുരുവിൽ ശ്രീലങ്കയിൽ നിന്നുള്ള മനുഷ്യക്കടത്ത് സംഘത്തെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.