ജി.എസ്.ടി കുറച്ച് കേന്ദ്രം; കൊവിഡ് ചികിത്സ, പരിശോധന ചെലവ് കുറയും

കൊവിഡ് വാക്സിന്റെ 5% ജി.എസ്.ടിയിൽ മാറ്റമില്ല.

ന്യൂഡൽഹി: കൊവിഡ് രോഗികളുടെ ചികിത്സാ ചെലവ് ഗണ്യമായി കുറച്ചും​ പ്രധാന മരുന്നുകൾക്കും ഓക്സിജൻ,​ സാനിറ്റൈസർ തുടങ്ങിയ അവശ്യ സാധനങ്ങൾക്കും ജി.എസ്.ടി ഇളവുകൾ പ്രഖ്യാപിച്ചും കേന്ദ്ര സർക്കാരിന്റെ ആശ്വാസ നടപടി. ടെസ്റ്റിംഗ് കിറ്റിനും നികുതി കുറച്ചതോടെ കൊവിഡ് പരിശോധനയ്ക്കും ചെവവ് കുറയും. സെപ്തംബർ 30 വരെയാണ് ആനുകൂല്യം.

കൊവിഡ് ചികിത്സയ്‌ക്കുള്ള ടോസിലിസുമാബ്, ബ്ലാക് ഫംഗസ് (മ്യൂക്കോർ മൈകോസിസ് ) ചികിത്സയ്‌ക്കുള്ള ആംഫോടെറിസിൻ-ബി എന്നീ മരുന്നുകളുടെ 5% ജി.എസ്.ടി പൂർണമായി ഒഴിവാക്കി. റെംഡെസിവിർ ഉൾപ്പെടെ ഏതാനും മരുന്നുകളുടെയും ടെസ്റ്റിംഗ് കിറ്റുകൾ,​ ഓക്സിജൻ, വെന്റിലേറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റ‌ർ തുടങ്ങിയവയുടെയും ജി.എസ്. ടി 5% ആയി കുറച്ചു. അതേസമയം, കൊവിഡ് വാക്സിന്റെ 5% ജി.എസ്.ടിയിൽ മാറ്റമില്ല.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ.ആവശ്യമെങ്കിൽ ഇളവുകൾ നീട്ടുമെന്ന് മന്ത്രി അറിയിച്ചു.

ടെസ്റ്റിംഗ് കിറ്റുകളുടെ നികുതി കുറച്ചത് കൊവിഡ് പരിശോധനാ ചെലവ് കുറയ്‌ക്കും.വ്യക്തികൾ ഇറക്കുമതി ചെയ്യുന്ന ഓക്സിമീറ്റർ,​ ഓക്സിജൻ കോൺസെൻട്രേറ്റർ എന്നിവയ്‌ക്കും 5 ശതമാനം ആയിരിക്കും നികുതി.

നിർമ്മാതാക്കളിൽ നിന്ന് വാങ്ങുന്ന 75 ശതമാനം വാക്‌സിനുള്ള ജി.എസ്.ടിയും കേന്ദ്ര സർക്കാർ അടയ്‌ക്കുമെന്നും അതു വഴിയുള്ള വരുമാനത്തിന്റെ 70 ശതമാനം സംസ്ഥാനങ്ങളുമായി പങ്കിടുമെന്നും മന്ത്രി പറഞ്ഞു.

മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സംഗ്‌മ അദ്ധ്യക്ഷനായ,കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെട്ട എട്ടംഗ മന്ത്രിതല സമിതിയുടെ ശുപാർശകളിൽ മൂന്നെണ്ണം ഒഴികെയെല്ലാം ജി.എസ്.ടി കൗൺസിൽ അതേപടി അംഗീകരിച്ചു.

 

ജി.എസ്.ടി കുറവ് ഇങ്ങനെ

 

12ൽ നിന്ന് 5%

 

1. മരുന്നുകൾ

 

റെംഡിസിവിർ, ഹെപ്പാരിൻ (ആന്റി കൊയാഗുലന്റ്), കേന്ദ്രം ശുപാർശ ചെയ്യുന്ന ഔഷധങ്ങൾ

 

2. ചികിത്സാ സാമഗ്രികൾ

 

മെഡിക്കൽ ഓക്സിജൻ, ഓക്സിജൻ കോൺസെൻട്രേറ്റർ/ ജനറേറ്റർ, വെന്റിലേറ്റർ, വെന്റിലേറ്റർ മാസ്‌ക് /കാനുല / ഹെൽമറ്റ്, ബിപാപ്പ് യന്ത്രം, ഹൈ ഫ്ളോ നേസൽ കാനുല

 

3.മറ്റുള്ളവ

 

കൊവിഡ് ടെസ്റ്റിംഗ് കിറ്റുകൾ, ഡി-ഡൈമർ, ഐ. എൽ-6, ഫെറിടിൻ, എൽ.ഡി.എച്ച് തുടങ്ങിയ പ്രത്യേക കിറ്റുകൾ, പൾസ് ഓക്സിമീറ്റർ

 

18ൽ നിന്ന് 5 %

 

സാനിറ്റൈസർ, താപം അളക്കുന്ന ഉപകരണങ്ങൾ, ശ്‌മശാനങ്ങൾക്കുള്ള ഗ്യാസ്, ഇലക്ട്രിക് ഫർണസുകൾ

 

28ൽ നിന്ന് 12%

 

ആംബുലൻസ്