പശുക്കൾക്കു താമസിക്കാൻ സ്നേഹം കൊണ്ടൊരുക്കിയ വീടുണ്ട് തിരൂർ വെട്ടത്ത്.
തിരൂർ: വെട്ടം ആലിശേരിയിൽ പശുക്കൾക്കു താമസിക്കാൻ സ്നേഹം കൊണ്ടൊരുക്കിയ ഒരു വീടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന 4 പുങ്കാനൂർ പശുക്കളും, 2 പുങ്കാനൂർ കാളകളും, 2 കൃഷ്ണപ്പശുക്കളും, കൂട്ടിനൊരു കുതിരയുമാണ് ഈ വീട്ടിലെ അംഗങ്ങൾ. വിനു തിരൂരാണ് ആലിശേരിയിൽ 6 സെന്റ് സ്ഥലം വാങ്ങി ഇവർക്കായി വീടൊരുക്കിയത്.വൻ വില നൽകി ആന്ധ്രയിൽ നിന്നാണ് വിനു ഇവയെ സ്വന്തമാക്കിയത്.
ആധുനിക ഫാമിങ് രീതികളോട് താൽപര്യമില്ലാത്തതിനാൽ ഇവയ്ക്കായി വീട് നിർമിക്കുകയായിരുന്നു. പരമ്പരാഗത കേരളീയ ശൈലിയിൽ ഓട് പാകിയുള്ള വീടാണ് ഉദ്ദേശിച്ചതെങ്കിലും കോവിഡ് തടസ്സമായി. ഇതോടെ മുളയും, കമുകും, ഓലയും ഉപയോഗിച്ചായി നിർമാണം. മതിലുകളിൽ കലാകാരൻ ഷിബു വെട്ടം വരച്ച കാളപൂട്ടിന്റെയും, കുതിരയുടെയും മനോഹര ചിത്രങ്ങളുമുണ്ട്. ഇതെല്ലാം ആസ്വദിച്ച് ചുറ്റിലും വച്ചു പിടിപ്പിച്ച ചെടികളും മറ്റും തിന്ന് ആരെയും പേടിക്കാതെ സ്വാതന്ത്രത്തോടെയാണ് ഇവയുടെ ജീവിതം.
ഗോതമ്പ് ചോളം എന്നിവയുടെ തവിടും, വൈക്കോലും, വെള്ളവുമെല്ലാമാണ് മറ്റ് ഭക്ഷണങ്ങൾ.ഏഷ്യയിലെത്തന്നെ ഏറ്റവും ഉയരം കുറഞ്ഞ പശുവാണ് പൂങ്കാനൂർ പശുക്കൾ. 70 മുതൽ 90 സെന്റിമീറ്റർ വരെ മാത്രം ഉയരം വയ്ക്കുന്ന ഇവയ്ക്ക് 200 കിലോയ്ക്ക് താഴെയേ തൂക്കം ഉണ്ടാകൂ. പ്രോട്ടീൻ കൂടുതലുള്ള പാലാണ് ഇവ നൽകുന്നത്. എങ്കിലും വിനു പാൽ വിൽക്കാറില്ല. ഇവയുടെ കുട്ടികൾക്ക് പരമാവധി നൽകി ബാക്കിയാണ് ഉപയോഗത്തിന് എടുക്കുന്നത്.
വെറും പശു പ്രേമത്തിൽ ഒതുങ്ങുന്നതല്ല വിനു തിരൂരിന്റെ ജീവിതം. അപകടത്തിൽ പെടുന്ന മറ്റ് ജീവികളെ സംരക്ഷിക്കാനും ഇദ്ദേഹം തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം നീക്കിവച്ചിട്ടുണ്ട്. ഇത്തരം മൃഗങ്ങൾക്ക് ചികിത്സയിലൂടെ പുതുജീവിതം നൽകിയാണ് വിനു പുറത്തു വിടാറുള്ളത്. ഇതറിഞ്ഞ് പലരും ഇത്തരം മൃഗങ്ങളെ വീടിനു മുൻപിൽ ഉപേക്ഷിച്ച് പോകാറുണ്ട്. അവയെല്ലാം ഇദ്ദേഹത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.