കുറ്റിപ്പുറം ഗവ എൽ പി സ്ക്കൂളിൽ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ടി യു പ്രതിഷേധ സമരം നടത്തി

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റണം: 

കുറ്റിപ്പുറം:  ഒരു അധ്യാപകൻ മാത്രമുള്ള വിദ്യാലയമായ കുറ്റിപ്പുറം മാണിയംക്കാട്  ഗവ എൽ പി സ്ക്കൂളിൽ അടിയന്തരമായി ആവശ്യത്തിന് അധ്യാപകരെ  നിയമിച്ച് വിദ്യാർത്ഥികളുടെയും രക്ഷിക്കാക്കളുടെയും ആശങ്കയകറ്റണമെന്ന് കുറ്റിപ്പുറം ഉപജില്ല കെ എസ് ടി യു ആവശ്യപ്പെട്ടു. ഒരു വർഷത്തിലധികമായി മാണിയംക്കാട് സ്ക്കൂളിലെ വിദ്യാർത്ഥികളുടെ  ഓൺലൈൻ പഠനത്തിനോ സ്ക്കൂളിൻ്റെ പ്രവർത്തനങ്ങൾക്കോ സ്ഥിര അധ്യാപകരില്ല. പ്രെബേഷൻ ഡിക്ലയർ ചെയ്യാത്ത ഒരു അധ്യാപകിയാണ് പ്രധാനാധ്യാപിക ചുമത നല്കിയിട്ടുള്ളത്.

കുറ്റിപ്പുറം മാണിയംക്കാട് എൽ പി സ്ക്കൂളിൽ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ടി യു നടത്തിയ  പ്രതിഷേധ  സമരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സിദ്ധീഖ് പരപ്പാര ഉദ്ഘാടനം ചെയ്യുന്നു.

എഴുപതിൽപരം കുട്ടികളും നാല് ക്ലാസ്സുകളുമായി സ്ക്കൂളിൽ അഞ്ച് അധ്യാപകരെ നിയമിക്കേണ്ടതുണ്ട്. പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും ആവശ്യമായ സ്ഥിര അധ്യാപകരെ ഇതുവരെ വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിട്ടില്ല.കൂടുതൽ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട്  കെ എസ് ടി യു സ്ക്കൂളിന് മുന്നിൽ പ്രതിഷേധ നിൽപ് സമരം നടത്തി. ഉപജില്ലയിൽ ആദ്യ കാല  സ്ക്കൂളുകളിലൊന്നായ മാണിയംക്കാട്  ഗവ എൽ പി സ്ക്കൂളിൽ അധ്യാപകരെ നിയമിച്ചിട്ടില്ലെങ്കിൽ  ഗ്രാമ പഞ്ചായത്തും നാട്ടുകാരുമായി സഹകരിച്ച്  കെ എസ് ടി യു ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കും.കഴിഞ്ഞ ദിവസം മാറാക്കര കല്ലാർ മംഗലം ജി എം എൽ പി സ്ക്കൂളിൽ കൂടുതൽ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ടി യു  പ്രതിഷേധം സമരം നടത്തിയത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉത്തരവിറക്കിയിരുന്നു.ഇതു പ്രകാരം വർക്ക് അറൈഞ്ച്മെൻ്റ് വ്യവസ്ഥയിൽ രണ്ട് അധ്യാപകരെ നിയമിച്ചതിനാൽ വിദ്യാർത്ഥികളുടെ  ഓൺലൈൻ ക്ലാസ്സുകളും അനുബന്ധ പ്രവർത്തനങ്ങളും ആരംഭിച്ചു . ഉപജില്ലയിലെ ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക തസ്തികകൾ വേഗത്തിൽ നികത്തി വിദ്യാർത്ഥികളുടെ പഠനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും  കെ എസ് ടി യു ആവശ്യപ്പെട്ടു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സിദ്ധീഖ് പരപ്പാര പ്രതിഷധ സമരം ഉദ്ഘാടനം ചെയ്തു.ഉപജില്ല പ്രസിഡൻ്റ് പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. കെ എസ് ടി യു  ജില്ലാ സെക്രട്ടറി ടി.വി.  ജലീൽ മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡൻ്റ് ഇ.പി. എ.ലത്തീഫ് ,  ഉപജില്ല ഭാരവാഹികളായ ടി.പി. സുൽഫീക്കർ ,പി.പി. സക്കരിയ്യ, പി. അബ്ദുൽ ലത്തീഫ് , റഹീം പാറക്കൽ എന്നിവർ നേതൃത്വം നൽകി