തിരുവനന്തപുരം: കേരളത്തിൽ ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബുധനാഴ്ചവരെയാണ് ലോക്ഡൗൺ. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിച്ചും ഘട്ടംഘട്ടമായി ലോക്ഡൗൺ ഒഴിവാക്കും.
കോവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ എല്ലാമേഖലയിലും തുടരും. 75 ശതമാനം ജനങ്ങളും വാക്സിൻ എടുത്താലേ കോവിഡ് ഭീഷണിയിൽനിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തൽ. ഇപ്പോൾ 25 ശതമാനത്തിന് ഒരു ഡോസ് നൽകിയിട്ടുണ്ട്.
75 ശതമാനംപേരും പൂർണമായി വാക്സിനെടുക്കുന്നതുവരെ പ്രാദേശിക അടിസ്ഥാനത്തിൽ രോഗബാധ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നു.